ഞാൻ ദേവിക 2

Posted on

എന്റെ കൈയിൽ നിന്നും ചോക്ലേറ്റ് പിടിച്ച് വാങ്ങിക്കൊണ്ട് അവൾ പറഞ്ഞു.
“ഇത് കാറിൽ ഉണ്ടെന്ന് അറിഞ്ഞിരുന്നേൽ നിന്നെ കൊണ്ട് തന്നെ ഞാൻ ബാഗ് ചുമപ്പിച്ചേനെ.”
ഞാൻ കാറ് സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു.
“യാത്ര എങ്ങനുണ്ടായിരുന്നു?”
“ഉച്ചക്കത്തെ ചൂടിൽ വിയർത്ത് ചത്തുപോയി.. പിന്നെ പിരിയഡ് ആകാൻ പോകുന്നതിന്റെ
അസ്വസ്ഥതയും.. ട്രെയിനിൽ വച്ചു ആകുമൊന്ന് പേടിച്ചിരിക്കയായിരുന്നു ഞാൻ.”
അവളുടെ ശ്രദ്ധ ചോക്ലേറ്റിന്റെ കവർ പൊട്ടിക്കുന്നതിലേക്ക് തിരിഞ്ഞു.
“നീ ചോക്ലേറ്റ് കൊണ്ട് വന്നത് കാര്യമായി.. ഏത് കഴിക്കുമ്പോൾ ഇനി പെട്ടെന്ന്
ആയിക്കൊള്ളുമല്ലോ.. പിരിയഡ് ആകുന്നതിന് മുൻപുള്ള ഈ ഇറിറ്റേഷൻ സഹിക്കാൻ വയ്യ.”
അവൾ ചോക്ലേറ്റിന്റെ ചെറിയൊരു പീസ് എന്റെ വായിലേക്ക് വച്ചു.
അത് വായിലാക്കിയ ശേഷം ഞാൻ പറഞ്ഞു.
“ബാക്കി മൊത്തം നീ കഴിച്ചോ..”
ഒരു ചിരിയോടെ ആയിരുന്നു അവളുടെ മറുപടി.
“റൂൾ ഈസ് റൂൾ.. നാൽപ്പത് ശതമാനം നീ തന്നെ കഴിക്കണം.”
“നിന്റെ ജോലിക്കാര്യം എന്തായി?”
“അതൊക്കെ ശരിയായെടാ.. അടുത്ത മാസം ജോയിൻ ചെയ്യണം.. അവിടെ ജോലി ചെയ്തുകൊണ്ട് വീക്ക്
ഏൻഡ് ക്ലാസിനു പോയി ഹയർ സ്റ്റഡീസ് ചെയ്യാനാ തീരുമാനം.”
“ഫുൾ പ്ലാനിംഗ് ആണല്ലോടി.”
“പിന്നല്ലാതെ നിന്നെ പോലെ ഒരു പ്ലാനിഗും ഇല്ലാതെ നടന്നാൽ മതിയോ?”
എന്തെങ്കിലും ഒരു ജോലിക്ക് ശ്രമിക്കാൻ അവൾ കുറച്ച് നാളായി എന്നോട് പറയുന്നുണ്ട്.
അതുകൊണ്ട് എനിക്കിട്ടൊരു കുത്തലായിരുന്നു ആ മറുപടി.
“നീ കളിയാക്കയൊന്നും വേണ്ട. ഒരു ഫ്രണ്ട് എനിക്ക് ബാംഗ്ലൂർ അവന്റെ ഓഫീസിൽ ജോലി
ശരിയാക്കാൻ നോക്കുന്നുണ്ട്.”
“അങ്ങനെ നല്ല കാര്യം വല്ലോം നോക്ക്.”
“നിന്നെ ഇന്ത്യ ചുറ്റിക്കാണിക്കാൻ പറ്റിയ പണച്ചാക്കുകളെയൊന്നും ഇതുവരെ
കിട്ടിയില്ലെടി?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“ആരെയും കിട്ടിയില്ലടാ.. ഇനി ജോലിക്ക് കയറുന്ന കമ്പനിയുടെ ഓണറിനു വല്ല മോനും
ഉണ്ടോന്നു തിരക്കണം.”
എനിക്ക് ഒരു ചിരിയോടെ അല്ലാതെ അവളുടെ മറുപടി കേൾക്കാനായില്ല.
അവളുടെ വീട്ടിൽ എത്തുമ്പോൾ ‘അമ്മ ഞങ്ങളെയും കാത്ത് വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
അവളുടെ ബാഗുമായി വീടിനുള്ളിലേക്ക് ഞാൻ കയറുന്നതിനിടയിൽ ‘അമ്മ ചോദിച്ചു.
“ഇവള് ഓരോ തവണ വരുമ്പോഴും മോനാണല്ലേ ബുദ്ധിമുട്ട്.”
അതിനുള്ള മറുപടി ദേവികയുടെ വായിൽ നിന്നാണ് വന്നത്.
“അവന് എന്ത് ബുദ്ധിമുട്ട്.. അഥവാ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിലും അതിന്
പകരമായിട്ടല്ലേ ഞാൻ ഓരോതവണ വരുമ്പോഴും അവന് സ്വീറ്റ്‌സ് കൊണ്ട് കൊടുക്കുന്നെ.”
അതുകേട്ട ‘അമ്മ അവളെ ശാസിച്ചു.
“വാങ്ങി കൊടുക്കുന്ന സാധനത്തിന് കണക്ക് പറയുന്നോടി.”
അമ്മയുടെ രണ്ട് കവിളിലും പിടിച്ച് കൊണ്ട് അവൾ പറഞ്ഞു.
“ഞാൻ ആർക്കെങ്കിലും എന്തെങ്കിലും വാങ്ങി കൊടുക്കുന്നെങ്കിൽ അത് ഇവന് മാത്രാമാണ്..
അപ്പോൾ ഞാൻ അതിനിത്തിരി കണക്ക് പറഞ്ഞോട്ടമ്മാ.”
“ഡീ കൊരങ്ങി.. അപ്പോൾ നിനക്ക് വാങ്ങി തരുന്ന ചോക്ലേറ്റിന്റെ കണക്ക് ഞാൻ ആരോടാ
പറയേണ്ടത്?”
“അതിന്റെ കണക്കൊന്നും പറഞ്ഞൂടാ.. അതെനിക്ക് നീ സ്നേഹത്തോടെ തരുന്നതാണ്.”
“അമ്മേ ഇവളോട് പറഞ്ഞ് നിൽക്കുവാൻ എനിക്കാവില്ല.. ഞാൻ ഇറങ്ങുവാ..”
ഞാൻ പുറത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ അവൾ പറഞ്ഞു.
“സ്വീറ്റ്‌സ് എല്ലാം ബാഗിൽ ഇരിക്കയാ.. എന്നിനി ഒന്നിനും എനിക്ക് വയ്യ. ഒന്ന്
കുളിക്കണം കിടക്കണം.. നാളെ നീ ഇങ്ങു വാ, അപ്പോൾ തരാം.”
അതിന് ശേഷം അവൾ അമ്മയോടായി പറഞ്ഞു.
“‘അമ്മ നാളെ ഇവന് ബീഫ് കറി വേണമെന്ന് കാറിൽ വച്ച് പറഞ്ഞു.”
“ഞാൻ എപ്പോഴാടി പറഞ്ഞത്, നിനക്ക് വേണമെങ്കിൽ അതങ്ങ് പറഞ്ഞാൽ പോരെ.”
എന്റെയും അമ്മയുടെയും മുഖത്ത് നോക്കിയ ശേഷം അവൾ പറഞ്ഞു.
“നിനക്കായിട്ട് വയ്ക്കുമ്പോൾ ‘അമ്മ കുറച്ചതും കൂടി സ്പെഷ്യൽ ആയിട്ട് വയ്ക്കും, അതാ
അങ്ങനെ പറഞ്ഞത്.”
അമ്മ അവളുടെ തലയിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“നിന്നെ വിളിക്കാൻ ഇവൻ വരും എന്ന് അറിയാവുന്നതുകൊണ്ട് തന്നാണ് നീ ഇത്രേം ലേറ്റ്
ആയിട്ടും എവിടെത്തി എന്ന് ഞാൻ വിളിച്ച് ചോദിക്കാഞ്ഞത്.. നിന്റെ കാര്യത്തിൽ
എന്നെക്കാളും ശ്രദ്ധ അവനുണ്ട്.. അത് കൊണ്ട് തന്നെ എനിക്കവനോട് ഇത്തിരി
സ്നേഹക്കൂടുതലും ഉണ്ട്.. അതിൽ നീ അസൂയപ്പെട്ടിട്ട് കാര്യമില്ല.”
“അപ്പോൾ ഞാൻ ഔട്ട് അല്ലേ..”
അത് കേട്ട് ഞാൻ ചിരിച്ച്കൊണ്ടു പറഞ്ഞു.
“ഞാൻ ഇറങ്ങുന്നമ്മേ..”
എന്നോടൊപ്പം പുറത്തേക്ക് നടന്ന അവൾ പറഞ്ഞു.
“അപ്പോൾ നാളെ വരുമ്പോൾ എനിക്ക് വാങ്ങി വച്ചേക്കുന്ന സാധനം കൂടി ഇങ്ങു കൊണ്ട് വരണം.”
എന്താണ് അവൾ ഉദ്ദേശിച്ചതെന്ന് എനിക്ക് മനസിലായില്ല.
“എന്ത് സാധനം?”
ഒരു കുസൃതിയോടെ അവൾ പറഞ്ഞു.
“എനിക്ക് വാങ്ങാനെന്നും പറഞ്ഞ് എന്റെ ബ്രായുടെ സൈസ് ഒകെ മനസിലാക്കിയല്ലോ.”
ഞാൻ പെട്ടെന്ന് തിരിഞ്ഞ് പിറകിലേക്ക് നോക്കി. ഭാഗ്യം ‘അമ്മ അവിടില്ല.
ഞാൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.
“നിന്റെ നാക്ക് ഞാൻ മുറിച്ചെടുക്കും.”
ഞാൻ കാറിൽ കയറി പോകുന്നവരെയും ഒരു പുഞ്ചിരിയോടെ അവൾ അവിടെ തന്നെ നിന്നു.
അവൾ നാട്ടിൽ ഉണ്ടായിരുന്ന ഒരുമാസം വളരെ പെട്ടെന്നാണ് കടന്ന് പോയത്. തിരികെ
ചെന്നൈയിലേക്ക് പോകാനായി അവളെയും കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്ക് ഉള്ള
യാത്രയിലായിരുന്നു ഞാൻ.
“ഡാ.. എനിക്കൊരു ആലോചന വന്നതിനെ പറ്റി ‘അമ്മ പറഞ്ഞോ?”
ഞാനും അപ്പോഴാണ് അതിനെ കുറിച്ച് ഓർത്തത്.
“ഒരു ആലോചന വന്നു, അത് വേണ്ടെന്നും പറഞ്ഞ് വിട്ടെന്ന് ‘അമ്മ പറഞ്ഞിരുന്നു, അതാ ഞാൻ
പിന്നെ തിരക്കാഞ്ഞത്.”
“ഈ ഇടക്ക് ഞാൻ ഒരു കല്യാണത്തിന് പോയിരുന്നു. അവിടെ വച്ച് എന്നെ കണ്ടിഷ്ട്ടമായതാണ്.”
“ഒറ്റ നോട്ടത്തിൽ നിന്നെ കണ്ടിഷ്ടപ്പെടാനും ആൾക്കാരുണ്ടോടി?”
അവൾ മുഖം ചുളിച്ച് കൊണ്ട് ചോദിച്ചു.
“അതെന്താടാ എന്നെ കാണാൻ അത്രക്ക് മോശമാണോ?”
“അതിപ്പോൾ ഞാൻ എങ്ങനടി നിന്റെ മുഖത്ത് നോക്കി തുറന്ന് പറയുന്നത്.”
“നിനക്ക് മാത്രേ എന്നെ ഈ പുച്ഛമുള്ളു, ചെന്നൈയിൽ എത്രപേരാണ് എന്റെ പിറകെ
നടന്നതെന്നറിയാമോ?’
എനിക്കവളെ ദേഷ്യം പിടിപ്പിക്കുന്നത് എപ്പോഴും ഒരു രസമായിരുന്നു. അത് അവൾക്കും
നന്നായിട്ടറിയാം. പലപ്പോഴും ഞാൻ അവളെ കളിയാക്കിയിരുന്നത് അവളുടെ മുടിക്ക് നീളമില്ല
എന്നും പറഞ്ഞായിരുന്നു.
“ആ ആലോചന എന്താ വേണ്ടെന്ന് വച്ചത്?”
“അമ്മയ്ക്ക് അടുത്തറിയാവുന്ന കുടുംബമാണ് അവരുടേത്. സാമ്പത്തികമായി വലിയ
നിലയിലൊന്നും അല്ല. പിന്നെ അവൻ നാട്ടിൽ തന്നെ എന്തോ ജോലി ചെയ്യുവാ.”
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു.
“അവനെ കെട്ടിയാൽ നിന്റെ ട്രാവലിംഗ് സ്വപ്നം നടക്കില്ലല്ലേ.”
ഒരു ചിരിയായിരുന്നു അവളുടെ മറുപടി.
“എന്താ അവന്റെ പേര്?”
“രാജീവ്.. ”
ഞാൻ മനസ്സിൽ ചെറുതായി ആ പേര് ഉരുവിട്ടു.
.
.
ദേവിക ചെന്നൈയിലേക്ക് പോയിക്കഴിഞ്ഞ് കുറച്ച് ദിവസങ്ങൾക്കകം തന്നെ ഞാനും
ബാംഗ്ളൂരിലേക്ക് ബസ് കയറി.
രണ്ടുമാസത്തിനകം തന്നെ ഞാൻ ബാംഗളൂർ ലൈഫ് മടുത്ത് തുടങ്ങിയിരുന്നു. ദിവസേന ഒരേ
കാര്യങ്ങൾ തന്നെയാണ് അവിടെ ആവർത്തിച്ചിരുന്നത്. രാവിലെ എഴുന്നേൽക്കുന്നു, ഓഫീസിൽ
പോകുന്നു, തിരിച്ച് വരുന്നു, കിടന്നുറങ്ങുന്നു. ഇതിനിടയിൽ ദേവികയുടെയും മായയുടെയും
ഫോൺ കാളുകൾ മാത്രമായിരുന്നു ആശ്വാസമായി ഉണ്ടായിരുന്നത്. പക്ഷെ ഈ ഇടയായി ദേവികയ്ക്ക്
ഒരു മാറ്റം പോലെ. വിളിച്ചാൽ അധികം സംസാരിക്കാറില്ല, മിക്കപ്പോഴും തിരക്ക്. ജോലിയുടെ
തിരക്കിലായിരിക്കുമെന്നാണ് ആദ്യം കരുതിയത്.
കടിച്ച് പിടിച്ച് ബാംഗളൂർ ആറു മാസം തികച്ചു നിൽക്കുന്ന സമയത്താണ് ദേവികയുടെ ഫോൺ കാൾ
എന്നെ തേടിയെത്തിയത്.
അവൾ ഇപ്പോൾ വീട്ടിലാണ്.. കുറച്ച് പ്രശ്നങ്ങൾ ഉണ്ട്.. പറ്റുമെങ്കിൽ ഒന്ന് അവിടം വരെ
ചെല്ലാൻ.
അവൾ വീട്ടിൽ പോകുന്ന കാര്യം എന്നോട് ഒന്ന് സൂചിപ്പിച്ചിരുന്നത് പോലും
ഇല്ലായിരുന്നു. അവളുടെ സ്വരത്തിലെ കടുപ്പം എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന്
എനിക്ക് മനസിലാക്കി തന്നു.
ജോലി കളഞ്ഞ് നാട്ടിലേക്ക് പോകാൻ ഒരു കാരണം അന്വേഷിച്ച് നടന്നിരുന്ന എന്റെ മനസിന്
ഇതിൽ കൂടുതൽ ഒന്നും ആവിശ്യം ഇല്ലായിരുന്നു. ആദ്യം കിട്ടിയ ബസിൽ തന്നെ ഞാൻ
നാട്ടിലേക്ക് വണ്ടി കയറി.
ദേവികയുടെ വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ എപ്പോഴും പ്രസന്നത മാത്രം നിറഞ്ഞ്
നിന്നിരുന്ന അമ്മയുടെ മുഖം വാടി ഇരിക്കുന്നു. ദേവികയെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ
ചുവന്ന് കലങ്ങിക്കിടക്കുന്നു. ഒരുപാട് കരഞ്ഞിട്ടാണെന്ന് തോന്നുന്നു മുഖം
വീർത്തിരിക്കുകയാണ്.
“എന്താ ‘അമ്മാ.. എന്താ ഇവിടെ ഉണ്ടായത്?”
ഒറ്റ ശ്വാസത്തിലാണ് ‘അമ്മ മറുപടി പറഞ്ഞത്.
“അന്നൊരിക്കൽ കല്യാണ ആലോചനയുമായി വന്ന രാജീവ് ഇല്ലേ.. അവനുമായി ഇവൾ ഇഷ്ട്ടത്തിൽ
ആണെന്ന്.. ഞാൻ കല്യാണം നടത്തി കൊടുക്കണമെന്ന്.”
ഞാൻ ഒരു ഞെട്ടലോടെ ആണ് അത് കേട്ടത്.
“മോനറിയാതെ ഇവൾ ഒന്നും ചെയ്യാറില്ല. ഇതും മോനറിഞ്ഞിട്ടാണോ?”
“ഇല്ലമ്മാ.. എനിക്കൊന്നും അറിയില്ലായിരുന്നു.”
ഞാൻ അവളുടെ നേരെ തിരിഞ്ഞു.
“ദേവു.. ‘അമ്മ പറയുന്നത് സത്യമാണോ?”
അവൾ മുഖം കുനിച്ച് നിന്ന് ഒന്ന് മൂളുക മാത്രം ചെയ്തു.
അപ്പോൾ അവനോട് അടുത്തപ്പോൾ ആണ് ഇവൾ എന്നോട് അകന്നത്.. ഫോൺ വിളിക്കുമ്പോൾ
സംസാരിക്കാതായത്. പക്ഷെ ഇതെങ്ങാനാണ് സംഭവിച്ചത്.
അവൾ എന്റെ കൈയിൽ പിടിച്ച് കൊണ്ട് പറഞ്ഞു.
“രാജീവേട്ടൻ കുറച്ച് കഴിയുമ്പോൾ ഇവിടേക്ക് വരും.. നിങ്ങൾ ഏട്ടനോടൊന്ന് സംസാരിക്ക്
ആദ്യം.. എന്നിട്ട് എല്ലാം തീരുമാനിക്കാം.”
ഞാൻ അമ്മയെ നോക്കി.. ‘അമ്മ രാജീവ് വരുമെന്ന അർത്ഥത്തിൽ തലയാട്ടി.
അവളുടെ പിടിവാശിക്ക് മുന്നിലാണ് അവനെ ഇങ്ങോട്ട് വരാൻ ‘അമ്മ സമ്മതിച്ചത് എന്ന്
എനിക്ക് മനസിലായി.
“നീ ഒന്ന് രാജീവിനോട് സംസാരിക്ക്.. എന്നിട്ട് എന്താ മോന്റെ അഭിപ്രായം എന്ന് പറ.”
‘അമ്മ അത് പറഞ്ഞപ്പോഴാണ് ദേവികയുടെ കാര്യത്തിൽ അവർ എനിക്ക് എന്തുമാത്രം പ്രാധാന്യം
നൽകുന്നു എന്ന് എനിക്ക് മനസിലായത്. ദേവികയുടെ ഒരു സുഹൃത്ത് മാത്രമായ എന്നോട് അവളുടെ
ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യത്തിൽ അഭിപ്രായം ചോദിക്കുന്നു.
“ഞാൻ ആദ്യം ഇവളോടൊന്ന് സംസാരിച്ചോട്ടമ്മ.”
ഞാൻ അവളെയും വിളിച്ച് വീടിനു പുറത്തേക്ക് നടന്നു. നിശബ്തതയെയും കൂട്ട് പിടിച്ച്
ഞങ്ങൾ കുറച്ച് നേരം മുറ്റത്ത് ചുമ്മാ നടന്നു. അവൾ എന്റെ മുഖത്തേക്ക് നിവർന്ന്
നോക്കുന്നുണ്ടായിരുന്നില്ല. മുഖമാകെ ക്ഷീണിച്ച് കറുത്ത് കരിവാളിച്ചത് പോലെ.
“നീ രാവിലെ ഒന്നും കഴിച്ചില്ലേ?”
അവൾ ഇല്ലെന്ന അർത്ഥത്തിൽ മൂളി.
ഞാൻ അവളെ മുറ്റത്ത് പടിയിൽ മേൽ ഇരുത്തിയ ശേഷം അകത്തേക്ക് നടന്നു.
അമ്മയുടെ കൈയിൽ നിന്നും ദോശയും ചമ്മന്തിയും ഒരു പ്ലേറ്റിൽ വാങ്ങിയാണ് ഞാൻ തിരിച്ച്
വന്നത്.
അവളുടെ അരികിലായി ഇരുന്ന് ഞാൻ പ്ലേറ്റ് അവളുടെ കൈയിൽ കൊടുത്തു.
“കഴിക്ക്‌..”
അവൾ ഒരക്ഷരം എതിർത്ത് പറയാതെ കഴിച്ച് തുടങ്ങി.
“നിങ്ങൾ എങ്ങനാ പരിചയപ്പെട്ടത്?”
“എനിക്ക് ഫേസ്ബുക്കിൽ ഒരു പെണ്ണിന്റെ പേരിൽ റിക്യുസ്റ് വന്ന്. ഞാൻ ചുമ്മാ ചാറ്റ്
ചെയ്ത് തുടങ്ങിയതാ… കുറച്ചു നാൾ ചാറ്റ് ചെയ്ത് കഴിഞ്ഞപ്പോഴാണ് അത്
രാജീവേട്ടനാണെന്ന് അറിയുന്നത്. എന്തുകൊണ്ടോ എനിക്ക് ചാറ്റിങ് നിർത്താൻ തോന്നിയില്ല.
അറിയാതെ ഞങ്ങൾ അങ്ങ് അടുത്ത് പോയി.”
“നീ ഇതെന്താ എന്നോട് പറയാഞ്ഞത്?”
“പറഞ്ഞ് കഴിഞ്ഞാൽ നീ ഈ ബന്ധത്തെ എതിർക്കുമെന്ന് തോന്നി.”
ഞാൻ നിശബ്തനായി ഇരുന്നു.
“ഡാ.. എനിക്കറിയാം നീ എന്നോട് പറയാതെ ഒരു കാര്യവും ചെയ്യാറില്ലെന്ന്. എന്നിട്ടും
ഞാൻ ഇത് നിന്നോട് പറയാതിരുന്നത് വലിയൊരു തെറ്റ് തന്നെയാണ്. വെറുമൊരു പരിചയത്തിന്റെ
പേരിൽ തുടങ്ങിയ ചാറ്റിങ് ആണ്, അതിത്രത്തോളം എത്തുമെന്ന് ഞാൻ കരുതിയില്ല.”
എന്തൊക്കെയോ അവൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു. പൂർണമായും ഒന്നും എന്റെ മനസ്സിൽ
പതിയുന്നുണ്ടായിരുന്നില്ല.
രാജീവ് ഒറ്റക്കാണ് വീട്ടിലേക്ക് വന്നത്, ഞങ്ങളെക്കാൾ മൂന്നു വയസിനു മൂത്തതാണ്, ഇരു
നിറം. എന്തുകൊണ്ടോ ഒറ്റ നോട്ടത്തിൽ തന്നെ എനിക്ക് രാജീവുമായുള്ള ബന്ധം
ശരിയാകില്ലെന്ന് തോന്നി. ചിലപ്പോൾ മനസിനുള്ളിൽ ഉണ്ടായിരുന്ന ഒരു ദേഷ്യം കൊണ്ടാകാം.
മുഖത്ത് വരുത്തിവച്ച ഒരു ചിരിയോടെ ആണ് ഞാൻ അവനോട് സംസാരിച്ചിരുന്നത്. കല്യാണം
എല്ലാം ഉറപ്പിച്ചു എന്ന മട്ടിൽ സംസാരിച്ചിട്ടാണ് രാജീവ് അവിടെ നിന്നും പോയത്.
രാജീവ് പോയി കഴിഞ്ഞ് ഞാൻ കുറച്ച് നേരം ഇരുന്നു ചിന്തിച്ചു. എന്താണെന്ന് അറിയില്ല
രാജീവും ദേവികയും തമ്മിൽ ഒരു ചേർച്ച കണ്ടെത്തുവാൻ എന്റെ മനസിനായില്ല.
ഞാൻ അമ്മയെ നോക്കി. ആ മനസ് ആകെ ചിന്താക്കുഴപ്പത്തിൽ ആണെന്ന് മുഖത്ത് നിന്നു തന്നെ
വായിച്ചെടുക്കാം.
“അമ്മയ്ക്ക് എന്ത് തോന്നുന്നു?”
ഒരു ദീർഘ നിശ്വാസത്തോടെ ‘അമ്മ പറഞ്ഞു.
“അവൾക്ക് ഇത് മതിയെന്ന് നിർബന്ധം പിടിച്ചാൽ ഞാൻ എന്ത് ചെയ്യാനാണ്.”
ദേവിക എന്റെ നേരെ ചോദ്യം തൊടുത്തു.
“നിന്റെ അഭിപ്രായം എന്താ?”
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി. വളരെ പ്രതീക്ഷയോടെയാണ് അവൾ എന്നെ നോക്കിയത്.
“നമുക്ക് ഇതിലും നല്ലൊരു ബന്ധം കിട്ടില്ലേ ദേവു.”
അവൾ പെട്ടെന്ന് എന്റടുത്ത് വന്ന് കൈയും പിടിച്ച് അവളുടെ റൂമിലേക്ക് നടന്നു.
എന്നെ അവളുടെ ബെഡിലേക്ക് ഇരുത്തി അരികിലായി ഇരുന്നുകൊണ്ട് അവൾ പറഞ്ഞു.
“ഞാൻ ഒരുപാട് സ്നേഹിച്ച് പോയടാ ചേട്ടനെ.”
“ദേവു.. പറയത്തക്ക ഒരു സാമ്പത്തിക ചുറ്റുപാടുണ്ടോ? നല്ലൊരു ജോലിയുണ്ടോ അവന്.”
“എനിക്കൊരു ജോലി ഉണ്ട്., ചേട്ടനും ചെറിയൊരു ജോലി ഉണ്ട്.. അതുപോരെ ഞങ്ങൾക്ക് സുഖമായി
ജീവിക്കാൻ?”
“ഒരുപാട് യാത്ര ചെയ്യണമെന്നത് നിന്റെ സ്വപ്നം ആയിരുന്നല്ലോ. അയ്യാളെ കെട്ടിയാൽ അത്
നടക്കുമോ?”
“ആ സ്വപ്നങ്ങളേക്കാൾ സന്തോഷം ചേട്ടനോടൊപ്പം ജീവിക്കാൻ കഴിഞ്ഞാൽ എനിക്ക്
കിട്ടുമെന്ന് തോന്നുന്നു.”
അവളെ പറഞ്ഞ് പിന്തിരിപ്പിക്കാം എന്നുള്ള പ്രധീക്ഷ എനിക്ക് നഷ്ട്ടപ്പെട്ട്
തുടങ്ങിയിരുന്നു.
“എനിക്ക് ചേട്ടനെ തന്നെ കെട്ടണം..”
“എന്താ നിനക്കിത്ര വാശി ഇതിൽ.”
കുറച്ച് നേരത്തേക്ക് അവൾ ഒന്നും മിണ്ടിയില്ല. എന്നിട്ട് ശബ്‌ദം താഴ്ത്തി പറഞ്ഞു.
“ഞാൻ ഇപ്പോൾ വെർജിൻ അല്ല..”
ഒരു ഞെട്ടലോടെയാണ് ഞാൻ അത് കേട്ടത്.
“എന്താ നീ പറഞ്ഞത്?”
“ഞാൻ രാജീവേട്ടനുമായി സെക്സ് ചെയ്തിട്ടുണ്ട്.”
എന്റെ മനസ്സിൽ ആകെ ഇരുട്ട് കയറി. ദേവുവിൽ നിന്നും അങ്ങനെ ഒന്ന് ഞാൻ
പ്രധീക്ഷിച്ചിരുന്നില്ല.
“ഏതോ ഒരു സാഹചര്യത്തിൽ അറിയാതെ…”
അവൾ വാക്കുകൾ പൂർത്തിയാക്കുന്നതിന് മുൻപ് എന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.
അടിയുടെ ശബ്‌ദം കേട്ട് ‘അമ്മ പെട്ടെന്ന് തന്നെ വാതിക്കൽ വന്ന് നോക്കി.
കവിൾ പൊത്തികൊണ്ട് അവൾ അമ്മയോട് പറഞ്ഞു.
“‘അമ്മ പൊയ്ക്കൊള്ളൂ.. ഇത് ഞാൻ ഇവനിൽ നിന്നും പ്രധീക്ഷിച്ചത്.. അല്ല എനിക്ക്
കിട്ടേണ്ടത് തന്നെയാണ്.”
പക്ഷെ ‘അമ്മ അവിടെ നിന്നും പോയില്ല. ഞങ്ങളെ തന്നെ നോക്കി അവിടെ നിന്നു.
അവളുടെ കണ്ണുകൾ നിറഞ്ഞു അധികം സമയം ആകാതെ തന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി.
ആ കരച്ചിലിനിടയിൽ അവൾ എന്നോട് പറഞ്ഞു.
“ഈ കല്യാണം വേണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം. നീ വേണ്ട എന്ന്
പറയുകയാണെങ്കിൽ എനിക്കും വേണ്ട.”
അവളുടെ കരച്ചിലിന് മുന്നിൽ ഞാൻ തകരുകയായിരുന്നു.. അതേ സമയം മനസ്സിൽ
എന്തെന്നില്ലാത്ത ദേഷ്യവും.
എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ അമ്മയോട് പറഞ്ഞു.
“അവളുടെ ഇഷ്ട്ടം അതാണെങ്കിൽ നടത്തി കൊടുത്തേക്ക്.”
.
.
പിന്നീട് വളരെ പെട്ടെന്നായിരുന്നു എല്ലാം നടന്നത്. രണ്ടാഴ്ചക്കുളിൽ കല്യാണ നിച്ഛയം
നടന്നു. ആറു മാസം കഴിയുമ്പോൾ കല്യാണം എന്നും തീരുമാനമായി.
ആറു മാസം എത്ര പെട്ടെന്നാണ് പോയതെന്ന് എനിക്കറിയില്ല.
പക്ഷെ ഈ ആറു മാസത്തിനിടയിൽ ഞാൻ വിചാരിക്കാത്ത ഒരു കാര്യം നടന്നു.
ദേവു കല്യാണം പ്രമാണിച്ച് ഒരു വാട്സ്അപ്പ് ഗ്രൂപ്പ് തുടങ്ങി എന്റെ കോളേജിലെ
അടുത്തറിയാവുന്ന സുഹൃത്തുക്കളെ അംഗമാക്കി. അതിൽ ഞാനും അഞ്ജലിയും ഉൾപ്പെട്ടിരുന്നു.
ഞാൻ ഗ്രൂപ്പിൽ നല്ല ആക്റ്റീവ് ആയിരുന്നു. അഞ്ജലിയുടെ മെസ്സേജുകൾ ഞാൻ ഗ്രൂപ്പിൽ
കണ്ടിരുന്നെങ്കിലും ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
കല്യാണ നിച്ഛയം കഴിഞ്ഞതിൽ പിന്നെ ഞാൻ ദേവുവുമായി മാനസികമായി ഒരു
അകൽച്ചയിലായിരുന്നു. അവൾ എന്നെ വിളിക്കുകയൊക്കെ ചെയ്യും.. അപ്പോഴൊക്കെ കാര്യമായി
തന്നെ സംസാരിക്കും.. പക്ഷെ അവൾ ഞാൻ അറിയാതെ കാണിച്ച കള്ളത്തരങ്ങളൊക്കെ ഓർക്കുമ്പോൾ
മനസിലൊരു വിഷമം.
അങ്ങനെ ഇരിക്കെ ഒരു ദിവസം ആണ് അഞ്ജലിയുടെ മെസ്സേജ് എന്നെ തേടി എത്തിയത്. അവളുടെ
നമ്പർ ഞാൻ സേവ് ചെയ്തിരുന്നതിനാൽ മെസ്സേജിന്റെ ഉടമയെ എനിക്ക് അതികം അന്വേഷിക്കേണ്ടി
വന്നില്ല.
എന്താ ഗ്രൂപ്പിൽ എന്നെ മാത്രം മൈൻഡ് ചെയ്യാത്തത് എന്നായിരുന്നു അവളുടെ മെസ്സേജ്.
എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു അവളുടെ ഇങ്ങോട്ടുള്ള മെസ്സേജ്.
പ്രതേകിച്ച് കാരണമൊന്നും ഇല്ല എന്നുള്ള എന്റെ മറുപടിക്ക് അവൾ തിരിച്ചയച്ചു.. നീ
എപ്പോഴും കോളേജിലെ സംഭവങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നടക്കയാണോ, അതൊക്കെ അന്നത്തെ
പ്രായത്തിൽ സംഭവിച്ചതല്ലേ.
അത് ഞങ്ങളുടെ സൗഹൃദത്തിന്റെ ഒരു തുടക്കമായിരുന്നു. പിന്നെ പലപ്പോഴും ഞങ്ങൾ ചാറ്റ്
ചെയ്യുകയും ഫോൺ വിളിക്കുകയുമൊക്കെ ചെയ്തു. അവൾ വളരെ സൗഹൃദപരമായാണ് അപ്പോഴെല്ലാം
എന്നോട് പെരുമാറിയത്. മനസിനുള്ളിൽ എന്റെ ആദ്യ പ്രണയം അപ്പോഴും
അലയടിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും പുറത്ത് കാണിക്കാതെ ഞാൻ നല്ലൊരു
കൂട്ടുകാരനായി തന്നെ അവളോട് സംസാരിച്ചു.
ദേവു അവളുടെ കല്യാണ ലെറ്റർ ആദ്യമായി തന്നത് എനിക്കായിരുന്നു. അവളുടെ കല്യാണം
അടുത്തപ്പോൾ ഞാൻ എല്ലാത്തിനും ഓടി നടന്നു. രാജീവ് അവളുടെ കഴുത്തിൽ താലി കെട്ടുമ്പോൾ
ആത്മാർഥമായി തന്നെ പ്രാർത്ഥിച്ചു അവൾക്ക് നല്ലൊരു ജീവിതം കിട്ടാൻ. ആ താലി അവളുടെ
കഴുത്തിൽ വീഴുമ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ ഞാൻ മനസിലാക്കി അവൾ ആ
ജീവിതം എത്രത്തോളം ആഗ്രഹിച്ചിരുന്നെന്ന്.

50530cookie-checkഞാൻ ദേവിക 2

Leave a Reply

Your email address will not be published. Required fields are marked *