ന്തിനാ ന്റെ മോള്കരയണെ

Posted on

വീടും കഴിഞ്ഞ് ഒരഞ്ചു |മിനുറ്റ് നടന്ന തേ ഉള്ളു.ഇക്ക എന്റെ കൈയ്യിൽ പിടിച്ചു തന്നെയുണ്ട്. ഓരോ ചവിട്ടടി വെക്കുമ്പോഴും എന്റെ ഹൃദയം പടപടാ ന്ന് മിടിക്കാൻ തുടങ്ങി. റബ്ബേ ! ഞാൻ പഠിച്ച മദ്രസയുടെ മുറ്റത്തെത്തി. ഇക്കാക്ക് ഇവിടെ എന്താണാവോ കാര്യം. മദ്ര സേന്ന് പഠിപ്പ് അവസാനിപ്പിച്ച് തന്നെ വർഷം ഏഴായി. അന്ന് പഠിപ്പിച്ച ഉസ്താദുമാരൊക്കെ സ്ഥലം മാറിപ്പോയി.പിന്നെ… എന്തിനാ ഇങ്ങോട്ട്.. മദ്റസേ ടെ ഫ്രണ്ടിലായാണ് പള്ളി. ഇക്ക മദ്സേടെ പിന്നിൽകൂടി പള്ളിയുടെ സൈഡ് വശത്തേക്ക് എന്നെ കൊണ്ടുപോയി. അവിടെ വിശാലമായ ഖബർസ്ഥാനി. എന്റെ കണ്ണിൽ ഇരുട്ട് കയറണ പോലെ തോന്നി.ഞാൻ ഇക്കാന്റെ കൈ മുറുകെ പിടിച്ചു.ഇക്ക എന്നെ ചേർത്തു പിടിച്ചു. ഒരു പാട് ഖബറിനിടയിൽ എന്റെ ഉപ്പാന്റെ ഖബർ .ശരീരം ആകെ വിയർത്തു. ഞങ്ങളാ ഖബറിനരികിലെത്തി. ഇക്ക എന്നെ പിടിവിട്ടിട്ടില്ല. ഞാൻ തല ഉയർത്തി ഇക്കാനെ നോക്കി. ഇക്കഇരു കണ്ണും മുറുകെ അടച്ചിരിക്കുന്നു.ആ കണ്ണിൽ നിന്ന് രണ്ടിറ്റു കണ്ണുനീർ തുള്ളിഎന്റെ കവിളിൽ പതിഞ്ഞു. ഒരു യാസീൻ ഓതി ദുആ ചെയ്ത് ഞാനൽപം മാറി നിന്നു.ഇക്ക ഇരു കൈ കൊണ്ടു മുഖമർത്തി അവിടെ തന്നെ നിന്നു. ഒരു വലിയ ദൗത്യം ഏൽപിച്ചല്ലേ ഉപ്പ പോയത്. ആ ദൗത്യം നാളെ പൂർത്തിയാക്കും അതിനു ന്റുപ്പാനെറ് പൊരുത്തം വേണം. ഇതൊക്കെയാവും എന്റെ പൊന്നിക്കാക്ക ഉപ്പാന്റടുത്ത് പറയുന്നുണ്ടാവുക. എന്നാലും ഒരു സന്തോഷം വരുമ്പോ ഈ റാണി മോള് ഉപ്പാനെ മറന്നല്ലോ. പണ്ടേ മനസ്സിൽ കണക്ക് കൂട്ടിവെച്ചതാ. എന്ത് സന്തോഷം വരുമ്പോഴും ഈ ഖബറിനരികിൽ വരണമെന്ന് .എന്നിട്ടിപ്പൊ ജീവിതത്തിലെ പ്രധാനമായ ഒരു കാര്യം വന്നിട്ടുപോലും …… “മോളേ! പോകാം. ഇക്ക വീണ്ടും എന്റെ കൈ പിടിച്ച് നടന്നു.വീടെത്തുംവരെ ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. വീട്ടിലെല്ലാവരും ഞങ്ങളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ജമീലാ ത്താക്കും മറ്റും അറിയായിരുന്നു, സിയാറത്തിന് പോയുള്ള വരവാണെന്ന്. അത് കൊണ്ട് തന്നെ ആരും ഒന്നും ചോദിക്കാനും നിന്നില്ല. എല്ലാരും ഓർത്തുവെച്ചു. മോളായ ഞാൻ മാത്രം, എന്റുപ്പാനെ………
മഗ് രിബ് ബാങ്ക് കൊടുക്കുമ്പോൾ തന്നെ വീട്ടു മുറ്റത്ത് ട്യൂബ് ലൈറ്റുകൾ മിന്നി.കൂട്ടുകാരെയൊന്നും ഞാൻ അധികമായി വിളിച്ചിട്ടില്ല. വന്ന കൂട്ടുകാരികളോട് ഓരോരാന്ന് പറഞ്ഞ് സമയം പോയതറിഞ്ഞില്ല. രാത്രി പരിപാടി കഴിഞ്ഞപ്പോഴേക്കും മണി പന്ത്രണ്ടായിരുന്നു.
പിറ്റേന്ന് രാവിലെ തന്നെ ഞാൻ കണി കണ്ടത് ഷാഹിക്കാനെയാ.ധൃതിയിൽ തോർത്തുമെടുത്ത് കുളിക്കാനായി ഓടുന്നു.പത്ത് മണിക്കാണ് നിക്കാഹ് .ആളുകൾ വരാൻ തുടങ്ങി. റാഷിക്കാടെ വീട്ടീന്നാ നിക്കാഹ് .ഷാഹിക്ക കുളി കഴിഞ്ഞ് വെള്ള ഫുൾസ്ലീവ് ഷർട്ടും വെള്ള തുണിയുടുത്ത് ഉമ്മാക്ക് അരികിൽ ചെന്നു.ഉമ്മ ഇക്കാനെ കെട്ടിപിടിച്ചു രണ്ടു പേരുംപൊട്ടി കരഞ്ഞു.ഉമ്മാമയും ജമീലാത്തയും എല്ലാരും അവരെ പിടിച്ചു മാറ്റി. കുളി കഴിഞ്ഞ് ഞാൻ വാതിൽപടിയിൽ ചാരിനിൽക്കുന്നുണ്ടായിരുന്നു.ഇക്ക എന്റെ അരികിലേക്ക് വന്നു. എന്റെ മൂർദ്ധാവിൽ അമർത്തിയൊരു മുത്തം തന്ന് എല്ലാവരോടും സലാം പറഞ്ഞ് ഇക്ക ഇറങ്ങി..അമ്മുടെ അറയുടെ ഒരു മൂലയിലിരുന്ന് ജമീലാ ത്താവും അനിയത്തി സഫിയാത്തായും കരയുന്നുണ്ട്. ഉപ്പാനെ ഓർത്തായിരിക്കും. ഇരുപത്തി ഏഴാം വയസ്സിൽ ഒരു വലിയ കർമ്മത്തിന് സാക്ഷിയാവാനാ എന്റെ ഷാഹിക്ക പോയിരിക്കണത്.
ഉച്ച ആയപ്പോഴേക്കും ജനസാഗരം കൊണ്ട് പന്തൽ നിറഞ്ഞു. ചമഞ്ഞിരുന്ന എന്റെ അരികിലേക്ക് ഓരോരുത്തരായി വന്നു തുടങ്ങി. എല്ലാവരോടും പരിചയഭാവത്തിൽ ഞാൻ പുഞ്ചിരിച്ചു.മൂന്ന് മണി ആയപ്പോഴേക്കും മണവാളനം കൂട്ടരുമെത്തി.അവരുടെ ബഹളം കഴിഞ്ഞതിനു പിന്നാലെ ചമയച്ചരക്കുമായി മഹിളകളും.
റാഷിക്കാടെ വീട്ടുകാർ എന്നെ ചമയിച്ചു കൂടുതൽ മൊഞ്ചത്തിയാക്കി. ഇനി ബാക്കിയുള്ളത് യാത്ര പറഞ്ഞിറങ്ങേണ്ട ആ വലിയ ചടങ്ങ്. റാഹില എന്റെ കൈയിൽ പിടിച്ച് ഉമ്മാന്റെ അരികിലേക്ക് കൊണ്ടുപോയി. എനിക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി. പോയി വരാം എന്ന് പറയാൻ തുടങ്ങുമ്പോഴേക്കും ഉമ്മ എന്നെകെട്ടിപിടിച്ചു കരയാൻ തുടങ്ങി. പിടിച്ചു മാറ്റാൻ അപ്പോഴേക്കും ജമീലാത്ത എത്തി.Sവൽ കൊണ്ടു മുഖം തുടച്ചു. എന്റെ കണ്ണുകൾ അവിടെ കൂടിയിരുന്നവരിലേക്കായി. മൂത്താക്കാ എളേപ്പമാർ അമ്മായി അമ്മു,ഉമ്മാമ ചെറീത്ത അങ്ങനെ എല്ലാരും എന്റെ ചുറ്റിലുണ്ട്. എല്ലാരെ കണ്ണിലും നനവുണ്ട്. എങ്കിൽ ഞാൻ പരതുന്നത് എന്റെ …

എന്റെ പൊന്നിക്കാനെയാ….. എവിടെപ്പോയി. “ഇറങ്ങാം…..’ റാഷിക്ക ഇടയിൽ വന്നു പറഞ്ഞു. ഊം……റാഹില മൂളി. “ഞാൻ….. എനിക്ക് …….ഇക്ക എനിക്കെന്റെ ……ഷാഹിക്കാനെകാണണം. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.” അള്ളോ! അത് ശരിയാണല്ലോ… ഈ നേരത്ത് ഓനിതെബ്ടെപോയി. “ചെറിയാപ്പ നെടുവീർപ്പെട്ടു. മുറ്റത്ത് പന്തലിന്ന് അമ്മു ഷാഹിക്കാനേം കൂട്ടി വന്നു.ഷാഹിക്ക എന്നെ നോക്കി .ആ ചുണ്ടുകൾ വിറയലോടെ പല വാക്കുകളും പായാൻ കൊതിച്ച് അടക്കിപ്പിടിക്കുന്നുണ്ടായിരുന്നു.എന്റെ തലയിൽ കൈ വെച്ച് ഷാഹിക്ക അനുഗ്രഹിച്ചു. “പെങ്ങൾ യാത്രയാവുന്നത് കാണാൻ പറ്റാത്തോണ്ട് മാറി നിന്നതാല്ലേ.”കൂടി നിന്നവരിൽ ആരോ പറഞ്ഞു.ഷാഹിക്ക ചിരിക്കാൻ ശ്രമിച്ചെങ്കിലും ആശ്രമം പരാജയപ്പെട്ടു.എന്നെ ചേർത്തു പിടിച്ചു ഇക്ക പൊട്ടിക്കരഞ്ഞു. എനിക്കും പിടിച്ച് നിൽക്കാൻ പറ്റിയില്ല. ഞാനൽപം ശബ്ദത്തോടെ തന്നെ കരഞ്ഞു.റാഹില ഇക്കാന്റെ നെഞ്ചിൽ നിന്നും എന്നെ അടർത്തിമാറ്റി. “ന്നാ പിന്നെ ഞങ്ങൾ പോയി വരാം.” എന്നും പറഞ്ഞ് എന്റെ വീടിന്റെ പടി വിട്ടിറങ്ങി. എനിക്കൊന്ന് പിന്നിലോട്ട് തിരിഞ്ഞു നോക്കണം ന്നുണ്ടായിരുന്നു.. എന്തോ! അതിന് കഴിഞ്ഞില്ല. ഞാനും റാഷിക്കായും റാഹി ലാ യും പിന്നെ എനിക്കറിയാത്ത മൂന്ന് പേരും റോഡ് സൈഡിൽ നിർത്തിവെച്ച കാറിൽ കയറി. ഞങ്ങളെയും വഹിച്ച് ആ കാർ യാത്രയായി. എന്റെ പുതിയ ജീവിതത്തിലെക്കുള്ള തുടക്ക യാത്ര…….

പതിനഞ്ചു മിനുട്ടിനുള്ളിൽ കാർ ഷാഹിക്കാന്റെ ……. ന്റെ റബ്ബേ…. സോറിട്ടോ….. എന്ത് പറയുമ്പോഴും ഷാഹിക്കാടെ പേരാനാവിൽ തുമ്പിൽ വരുന്നത്. ചെറുപ്പത്തിലേ ഉപ്പാ എന്ന് വിളിക്കുന്നതിന് പകരം ഷാഹിക്കാന്നല്ലെ വിളിച്ചത് .അത് കൊണ്ടാട്ടോ…… അപ്പൊ, കാർ …… റാഷിക്കാടെ വീട്ടുമുറ്റത്തെത്തി. ഡോറ് തുറന്ന് ഓരോരുത്തരായി പുറത്തിറങ്ങി.ഞാനിറങ്ങുമ്പോൾ റാഷിക്കാടെ ഉമ്മ വന്ന് എന്നെയും കൂട്ടി അകത്തേക്ക് നടന്നു.[ ബിസ്മിയും ചൊല്ലിവലതുകാൽ വെച്ചാണ് ഞാൻ അകത്ത് കയറിയത് ] ഹാളിന് തൊട്ടടുത്തായിരുന്നു എന്റെ മുറി.ഓടും വാർപ്പും ചേർന്ന് കാണാൻ അത്ര മോശമല്ലാത്ത പുരയിടം. റാഹിലാത്ത എനിക്ക് ഒരു ഗ്ലാസ് ജ്യൂസും തന്ന് ഒരു ചിരി ചിരിച്ച് സാരീടെ ഞൊറിയിൽ കുത്തിയ പിന്നും [മൊട്ടുസൂചി ] അഴിച്ചു കൊണ്ട് അപ്പുറത്തേക്ക് പോയി. കുറേ സമയം മുറിയിൽ ഇരുന്ന എനിക്ക് ബോറടിച്ചു. ഇത്താത്താടെ മക്കളും അയൽപക്കത്തെ കുട്ടികളൊക്കെ വന്ന് എന്നെ തൊട്ടു നോക്കാനും തലയിൽ ചൂടിയ മുല്ലപ്പൂ വലിക്കാനൊക്കെ തുടങ്ങി. ഒന്നും പറയാൻ പറ്റില്ലല്ലോ. ഒരു വിധം സഹിച്ച് അവറ്റകളുടെ കോപ്രായത്തിന് നിന്നു കൊടുത്തു. കുറച്ച് കഴിഞ്ഞ് രണ്ട് മൂന്ന് പേരു വന്ന് മോതിരവും കമ്മലും ഒക്കെ തന്ന് സ്വയം പരിചയപ്പെടുത്തി. ശരിക്കും അവരെ മനസ്സിലായില്ലെങ്കിലും കാര്യപ്പെട്ടവരാണെന്ന് തോന്നി. റാഹിത്താന്റെ വക ബ്രൈസ് ലെറ്റായിരുന്നു. റാഷിക്കാടെ ഉമ്മ ചെറിയൊരു മാല. റാഹിത്ത എല്ലാം വാങ്ങി ഒരു ഹാന്റ് ബാഗിലിട്ടു എന്റെ കൈയ്യിൽ തന്നു.
കാറീന്ന് ഇറങ്ങിയ ശേഷം റാഷിക്കാനെ ഞാൻ കണ്ടതേ ഇല്ല. മഗ് രിബ് നിസ്കാരത്തിന്റെ സമയമായി.മുറിയിലേക്ക് പിന്നെ ആരും വരാത്തത് കൊണ്ട് ഞാനെഴുന്നേറ്റ് കിച്ചണിലേക്ക് പോയി. മിച്ചം വന്ന ചോർ ഓരോ പാക്കറ്റിലാക്കി ഉമ്മ ഓരോരുത്തർക്കും വിഹിതം വെക്കുന്നുണ്ട്. “രണ്ട് മുയുമനും ബെക്കണ്ട, ഒന്നര മതീന്ന് ഞാൻ പറഞ്ഞില്ലെ റാഷീ അന്നോട് ,അപ്പൊ ജ്ജ് ന്താ പറഞ്ഞേ, തെക യൂലാന്ന്. ഇപ്പൊ ന്തായീ “കനപ്പിച്ചുള്ള ഉമ്മാന്റെ ശബദത്തിനു മുന്നിൽ ചൂളി നിക്കുകയായിരുന്നു റാഷിക്ക.എന്തോ മറുപടി പറയാൻ തുടങ്ങിയപ്പോഴേക്ക് റാഷിക്ക എന്നെ കണ്ടു.മൂപ്പര് എന്നെ നോക്കിയൊന്ന് ചിരിച്ചു. “ജ്ജ് ഇതുവരെ ഉടുപ്പൊന്നും മാറില്ലേ. റായ്യേ. ഇതിന് ബേണ്ടതെന്താന്ന് വെച്ച കൊട്ക്ക്.. ഉമ്മാന്റെ ആജ്ഞ പോലുള്ള സ്വരം കേട്ട് റാഹിത്ത ഓടി വന്നു.
ഡ്രസ്സ് മാറി രാത്രി ഭക്ഷണത്തിനു ശേഷം നാട്ടു നടപ്പനുസരിച്ച് ഞാനും റാഷിക്കയും എന്റെ വീട്ടിലേക്ക് പോകാൻ കാറിൽ കയറി .ജീവിതത്തിലാദ്യായിട്ടാ ഒരാണിന്റെ കൂടെ കാറിൽ മുമ്പിൽ കയറി പോണത്.ഷാഹിക്കാടെ കൂടെ പലയിടത്തും പോയിട്ടുണ്ട്. അമ്മുവും ഷാഹിക്കായും നിർബന്ധിച്ചാലും ഞാൻ മുന്നിൽ ഇരിക്കാറില്ല.
റാഷിക്ക പതിയെയാണ് ഡ്രൈവ് ചെയ്തത്.ഇങ്ങോട്ട് വരുമ്പോൾ എന്ത് സ്പീഡായിരുന്നു. ഡ്രൈവിംഗ് സ്ലോ, എന്നോട് എന്തേലും പറയേണ്ട കെണിയാണെന്ന് ഞാൻ ഊഹിച്ചു. സെക്കന്റും തേർഡും ഗിയറിടു മ്പോഴൊക്കെ റാഷിക്ക മെല്ലെ എന്റെ കൈയ്യിൽ ടച്ച് ചെയ്തു. ആദ്യമൊക്കെ ഒന്നു കൈവലിച്ചെങ്കിലും പിന്നെ പിന്നെ……… എനിക്കും ……. അതിഷ്ടായി….. ഇടയ്ക്കിടയ്ക്ക് ഹമ്പുള്ളത് ഗിയറിടലിന്റെ എണ്ണവും കൂടി .സ്പർശനത്തിന്റെ കാഠിന്യവും.
വീടെത്താറാവുമ്പോഴേക്കും റാഷിക്കാന്റെ മൊബൈൽ ശബ്ദിച്ചു. ” അന്റെ ആങ്ങളയാ…. കാണാഞ്ഞിട്ട് വിളിക്കുന്നതായിരിക്കും.” റാഷിക്ക കോൾ അറ്റന്റ് ചെയ്തു.” ദാ, അളിയാ ഞങ്ങളെത്തി.ഫോൺ കട്ട് ചെയ്തതും കാർ ഗൈറ്റ് കടന്ന് വീട്ടിലെത്തിയതും ഒരുമിച്ചായിരുന്നു.
റാണിത്ത വന്നൂ …. ഷാനി കിച്ചണീന്ന് വിളിച്ച് പറയുന്നത് സിറ്റൗട്ട് വരെ കേൾക്കാമായിരുന്നു.. കാറിന്റെ ഒച്ച കേട്ടപ്പോൾ തന്നെ ഷാഹിക്ക പുറത്തേക്ക് വന്നു. റാഷിക്ക ഷാഹിക്കാടെ കൈ പിടിച്ച് സലാം പറഞ്ഞ് അകത്തു കയറി. പിന്നാലെ ഞാനും – എനിക്ക് ഷാഹിക്കാടെ മുഖം നോക്കാൻ ചമ്മലായി. “ന്താ ശാദീ …..

റാഷിനെ കിട്ടുമ്പോ ഈ ഷാഹിക്കാനേ മറന്നോ ജ്ജ്.” പ്രതീക്ഷിക്കാതെയുള്ള ഷാഹിക്കാടെ വാക്കു കേട്ടു ഞാൻ വല്ലാണ്ടായി. ” എന്റെ മുഖത്ത് മിന്നി മറിഞ്ഞ ചിരി പെട്ടെന്ന് മാഞ്ഞു. എനിക്ക് നന്നായി വേദനിച്ചെന്ന് ഷാഹിക്കാക്ക് മനസ്സിലായി. “ഷായിക്ക, ഒരു തമാശ പറഞ്ഞേല്ലെ ” ന്നും പറഞ്ഞ് ഇക്കാക്ക എന്റെ ചുമലിൽക്കൂടി കൈയ്യിട്ട് കിച്ചനിലോട്ട് എന്നേം കൂട്ടിപോയി. “പെങ്ങളെ കണ്ടപ്പോ ആങ്ങളേടെ സന്തോഷം കണ്ടോ, ഇത്രേം നേരം ഇരിപ്പുറക്കാതെ പെറാൻ കൊണ്ടോയ പെണ്ണിന്റെ പുയ്യാപ്ല നെ പോലെ അങ്ങോട്ടിങ്ങോട്ടും നടക്കായിരുന്നിവൻ.”ഇതും പറഞ്ഞോണ്ടാണ് സഫിയാത്തഎന്റെ ട്ത്ത് വന്നത്.ഷാഹിക്ക പൊട്ടിച്ചിരിച്ചു. ന്റെ ഇക്ക നാട്ടിൽ വന്ന ശേഷം ഇങ്ങനെ മനസ്സ് തുറന്നൊന്ന് ചിരിക്കണത് ഞാനാദ്യായിട്ടാ കാണുന്നത്.
മിർഷുവും എളേമ്മമാരെ മക്കളൊക്കെ കിച്ചണിലെ അറയിൽ തലങ്ങും വിലങ്ങുമായി കിടന്നുറങ്ങുന്നുണ്ട്. “ന്തൊക്കെ പൊന്നാ ശാദ്യേ അവിടന്ന് കിട്ടിയേ…. ” ചോദ്യം ചോദിച്ചതിനോടൊപ്പം തന്നെ ജമീലാത്ത എന്റെ കൈയ്യിന്ന് ഹാൻഡ് ബാഗ് വാങ്ങി തുറന്ന് നോക്കി. അമ്മുവും സഫിയാത്തായും ബാക്കി എല്ലാവരും ജമീലാ ത്താക്ക് ചുറ്റും കൂടി.”രണ്ടു മൂന്ന് മോതിരം, രണ്ട് കോയിൻസ്, കമ്മൽ വേറൊന്നുല്ലെ ശാദി …….ജമീലാഞ്ഞാടെ രണ്ടാമത്തെ ചോദ്യം, “പിന്നെ, ദേ ഈ മാലയും ഈ ബ്രേസ് ലേറ്റും. കൈയ്യും കഴുത്തും കാട്ടി ഞാൻ പറഞ്ഞു.ഈ ജമീലാത്ത ഇങ്ങനെയാ എല്ലാകാര്യേം അറിയണം. മോശായിട്ടൊന്നുമല്ല ട്ടോ….. നാട്ടുനടപ്പൊക്കെ അവർക്കുണ്ടോന്നറിയാനാ…. കുടുംബത്തില് എന്ത് പരിപാടി വരുമ്പോഴും ജമീലാത്ത ഇണ്ടാവും. അല്ലെങ്കിൽ ഞാനടക്കം എല്ലാർക്കും വലം കൈ നഷ്ടപ്പെട്ട പോലെയാ.
കിച്ചണിൽ സ്വർണ്ണത്തിന്റെ എണ്ണം നോക്കുമ്പോഴേക്കും ഹോളിൽ പുരുഷാരത്തിന്റെ ഉഗ്രനൊരു ഫുഡ് മത്സരം കഴിഞ്ഞിരുന്നു.
റാഷിക്ക റൂമിൽ കയറിയത് കണ്ടിട്ടാവണം, ജമീലാത്ത ഒരു ഗ്ലാസ് പാലും എന്റെ കൈയിൽ തന്ന് എന്നെ റാഷിക്കാന്റെ പിന്നാലെ അയച്ചു. അറയിലേക്ക് പോകുന്നതിനിടയിൽ ഞാൻ അമ്മൂനേം ഉമ്മാനേം മാറി മാറി നോക്കി. അമ്മു ഒരു കള്ളച്ചിരി ചിരിച്ചെങ്കിലും ഉമ്മ എന്തോ ആലോചനയിലായിരുന്നു.
ഒരു പെണ്ണിന്റെ ജീവിതത്തിലെ ഏറ്റവും കാര്യപ്പെട്ട മുഹൂർത്തം. പാലുമായി ഞാൻ അറയിൽ കയറി. വാതിലടച്ചു

രാവിലെ എട്ട് മണിക്ക് ശേഷമാണ് ഞാൻ കതകു തുറന്നത്. എന്റെ ബെഡ് റൂമിന്റെ നേരെ ഓപ്പോസിറ്റാണ് ഷാഹിക്കാടെ മുറി. അത് കൊണ്ട് വാതിൽ തുറന്ന പാടെ കണ്ടത് മുറിയിൽ നിന്നും ഷാഹിക്ക പുറത്തേക്ക് വരുന്നതാണ്. ഞാനൊന്നു പരുങ്ങി.ഷാഹിക്ക എന്നെ തറപ്പിച്ചൊരു നോട്ടം നോക്കി. ആ നോട്ടത്തിന് അൽപം കനം കൂടിയിരുന്നു.സുബഹിക്ക് എഴുന്നേറ്റ് നിസ്കരിച്ചില്ല എന്നാണ് ഇക്ക ധരിച്ചിരിക്കുന്നത്. രണ്ടു മൂന്ന് പ്രാവശ്യം എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്. അത് കൊണ്ട് ആ നോട്ടത്തിന്റെ അർത്ഥം എനിക്ക് പെട്ടെന്ന് മനസ്സിലായി.
സത്യത്തിൽ അന്നായിരുന്നു ഞാൻ ശരിക്കും സുബഹി ബാങ്ക് കേട്ടത്.കഴിഞ്ഞ റമളാനിലെ മുപ്പതാമത്തെ നോമ്പിനായിരുന്നു ഞാൻ അവസാനമായി ആ ബാങ്ക് കേട്ടത്.പിന്നീടൊക്കെ അമ്മു നിസ്കരിച്ചാണ് എല്ലാവരെയും വിളിക്കുന്നത്. അത് കൊണ്ട് ബാങ്ക് കേൾക്കാറില്ല.സുബഹി ഖളാ ആവാറുമില്ല. ഇന്നിപ്പോ ബാങ്ക് കേട്ടത് കൊണ്ട് പെട്ടെന്നെഴുന്നേറ്റ് ഞാൻ നിസ്കരിക്കുകയും ചെയ്തു. ബാത്ത് റൂം അറ്റാച്ച് ഡ് ആയത് ഇക്ക എന്നെ പുറത്ത് കണ്ടതില്ല. ഇക്കാന്റെ തെറ്റിദ്ധാരണ മാറ്റണംന്നുണ്ടായിരുന്നു. “എന്താ ശാദീ ….. അവിടെത്തന്നെ നിന്ന് കളഞ്ഞത്. ഇന്നലെ രാത്രീ ണ്ടായ സംഭവം ഓർക്കാ ഇജ്ജ്.. ദേ ഈ മുട്ടേം ചായേം റാഷിക്ക് കൊണ്ടു കൊടുക്ക്….? അമ്മു കീഴ് ചുണ്ട് കടിച്ച് തലയാട്ടി ഒരു കള്ളച്ചിരിയോടെ ചായ്യേം മുട്ടേം ന്റെ കൈയ്യിൽ തന്നു.
ഇന്നലെ രാത്രി, പടച്ചോനേ, എന്താ ഇണ്ടായേ, ഇനി എങ്ങനെയാ റാഷിക്കാടെ മുഖം നോക്കുക…… എനിക്കാകെ നാണം തോന്നി.സുബഹിക്ക് എഴുന്നേറ്റ് ഞാൻ ഇക്കായെ വിളിച്ചതാ… അപ്പൊ പുള്ളി പറയുവാ…. ” ശാദീ– ” ഞാൻ പിന്നെ നിസ്കരിച്ചോളാം. ജ്ജ് നിസ്കരിക്ക്.” അയ്യേ! സുബഹി കളാക്കേ, ഇവിടെ പറ്റൂലാ അതൊന്നും.” ഞാൻ റാഷിക്കാനെ കുലുക്കി വിളിച്ചു. ” ഞാൻ ഗൾഫീന്ന് ഒറ്റ സുബഹി പോലും ഖളാ ആക്കാറില്ല.” ഉറക്കച്ചടവോടെ റാഷിക്ക പറഞ്ഞു തീർത്തു. “ന്റെ, റാഷിക്കാ ആ പടച്ചോൻ തന്നെ ഇവടെ നാട്ടിലുള്ളത്. ഇങ്ങളൊന്ന് എണീക്ക് “ഇതൊന്നും എന്റെട്ത്ത് പയറ്റൂലാന്ന് മനസ്സിലാക്കി എന്നോണം റാഷിക്ക എണീറ്റു നിസ്കരിച്ചു. ചായയുമായി അറയിൽ കയറുമ്പോഴേക്കും റാഷിക്കഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് ഫ്രഷായി നിൽക്കുന്നുണ്ടായിരുന്നു.
നാസ്ത കഴിക്കുമ്പോഴാണ് റാഷിക്ക പോകുമ്പോൾ എന്നേം കൂട്ടുന്ന കാര്യം ഷാഹിക്കാട് പറഞ്ഞത്.ഷാഹിക്ക എന്തോ ആലോചിച്ച പോലെ ചായ കുടി മതിയാക്കി പെട്ടെന്ന് എഴുന്നേറ്റു.”റാഷീ …. അപ്പൊ, അന്റെ വീട്ടാറ് ഇങ്ങട് ബരുന്നൊന്നു ല്ലെ. അങ്ങനെയൊരു ചടങ്ങുണ്ടല്ലോ…. ”
അതൊന്നും വേണ്ട. ന്റെ പൊരക്കാർ മുമ്പ് വന്നല്ലോ ഇബടെ, ഇനി ഇൻഷാ അള്ളാ ഇങ്ങള് ബരാനുള്ളേരേം കൂട്ടി അങ്ങട്ട് പോരീം .ഷാഹിക്കാടെ ചോദ്യത്തിന് മറുറപടി എന്നോണം റാഷിക്ക പറഞ്ഞു.
ഞാൻ കുളിച്ച് ഫ്രഷായി. ഡ്രസ്സൊക്കെ ചെയ്ഞ്ച് ചെയ്ത് പൊന്നണിയുമ്പോഴാണ് അറയിലേക്ക് ഷാഹിക്കാടെ വരവ്. റാഷിക്ക ഹാളിൽ എളേപ്പമാരോടൊക്കെ സംസാരിക്കുന്നു. രാവിലെ പുതിയാപ്ലേടെ കൂടെ ചായ സൽക്കാരത്തിന് ക്ഷണിച്ചതാ അവരെയൊക്കെ.ഷാഹിക്ക എന്തോ പറയാൻ വരുന്നതാണെന്ന് ഞാൻ ഊഹിച്ചു. “റാണി, മോള് സുന്ദരി ആയിരിക്കണല്ലോ…. ” ഷാഹിക്കാനെ നോക്കി ഞാനൊന്ന് ചിരിച്ചു. ” ന്റെ മോളോട് ഇക്കാക്ക് ഒരു കാര്യം പറയാനുണ്ട്. മോള് ശ്രദ്ധിച്ച് കേക്കണം.” “ഊം….. ഞാൻ തലയാട്ടി. “ന്റെ മോളിപ്പോ, ഒരു ഭാര്യയാണ്.അന്റെ അമ്മു അമ്മായി നെ പോലെ, ഇന്ന് പോയാൽ പിന്നെ, റാഷിടെ വീടാ ന്റെ മോളേം വീട്. ആ ടെള്ളോരെല്ലാം ന്റെ മോളേം ആൾക്കാറാ….. കുറച്ച് അല്ലറ ചില്ലറ പ്രശ്നോക്കെണ്ടാവും. ന്റെ മോള് ഒക്കെ സഹിക്കണം.ബടെ ഇള്ളെ ആൾക്കാരെ പോലെ ആവണം ന്നില്ല ഓര്.ഇബ്ടെത്തെ കാര്യം അബ ടേം അബs ത്തെ കാര്യം ഇബടേം വന്ന് പറയണ്ടാ. അപ്പളാ ഓരോ പ്രശ്നോം ഇണ്ടാണത്. എന്ത് ണ്ടേലും ന്റെ മോള് ഇക്കാക്ക് വിളിച്ചാ മതി.ന്റെ ചങ്കില് റൂഹുള്ള കാലോളം ഇക്ക അന്റെ കൂടെ ഇക്കണ്ടാവും – മനസ്സിലാണുണ്ടോന്റെ മോക്ക്.” പറഞ്ഞ് കഴിയുമ്പോളേക്കും ഇക്കാന്റെ കണ്ണ് നിറഞ്ഞിരുന്നു. ഉടുത്തിരുന്ന തുണി ടെ അറ്റം കൊണ്ട് ഇക്ക കണ്ണ് തുടച്ചു.

” അപ്പൊ എറങ്ങാല്ലേ”ന്നും പറഞ്ഞ് കൊണ്ട് റാഷിക്കയും അറയിലോട്ട് വന്നു.
ഹാളിൽ എളേപ്പയും മറ്റും ഇരിക്കുന്നുണ്ട്. ഇറങ്ങാൻ നേരം, ചെറിയാപ്പ ദുആ ചെയ്തു. അത് കേട്ട് കിച്ചണീന്ന് ഉമ്മയും അ മ്മുവും എല്ലാരും ഹാളിന്റെ ഇടയിലുള്ള റൂമിൽ സ്ഥാനം പിടിച്ചു. “ആമീൻ ആമീൻ ബി റഹ്മത്തിക്ക യാ അർഹമുറാഹീ മിം…..ദു ആ അവസാനിച്ചു.ചുറ്റും കൂടിയവർ ആമീൻ പറഞ്ഞു. എല്ലാരോടും സലാം പറഞ്ഞ് ഞാനും റാഷിക്കയും ഇറങ്ങി.കാർ വരെ എല്ലാരും അനുഗമിച്ചു. ഞാനിരുന്ന ശേഷം ഷാഹിക്കയാണ് ഡോ റ് അടച്ചത്.ഷാഹിക്കാടെ മുഖത്ത് സങ്കടം തളം കെട്ടി നിന്നിരുന്നു.കാറിന്റെ ഗ്ലാസ് താഴ്ത്തി ഞാൻ അവിടെ കൂടി നിന്നവരുടെ നേരെ കൈ വീശി. കാറ് നീങ്ങിത്തുടങ്ങി. യുദ്ധം ചെയിച്ച യോദ്ധാവിന്റെ മുഖം പോലെ ശോഭനമായിരുന്നു റാഷിക്ക. അങ്കത്തട്ടിലിറങ്ങുന്ന പോരാളിയുടെ മുഖമായി ഞാനും………

പന്തലൊക്കെ അഴിച്ചത് കൊണ്ട് വീടിന്റെ മുറ്റമാകെ വെളിച്ചം നിറഞ്ഞിരുന്നു. “വേറൊരു കല്യാണ ണ്ടായ തോണ്ട് ഓര് രാവിലെ പണി തൊടങ്ങി.ഇബട്ന്ന് അയ്ച്ചിട്ട് ബേണം പോലും പന്തല് അ ബ്ടെ കെട്ടാൻ .” ഞങ്ങൾ വീട്ടിൽ കയറുന്നതിനിടയിൽ റാഷിക്കാനോടായി ഉമ്മ പറഞ്ഞു.എന്റെ പുരയിലുള്ള പോലെ കൂടുതലാളെയൊന്നും അവിടെ കണ്ടില്ല…….
ഇനി,റാഷിക്കാടെ കുടുംബത്തെ പരിചയപ്പെടാം.
റാഷിക്കാക്ക് നേരെ മൂത്തതാണ് റാഹിലാത്തയും റനീഷാത്തയും’ റനീഷാത്ത കുടുംബസമേതം ഗൾഫിലാണ്. കല്യാണത്തിനും ഉണ്ടായില്ല. കുട്ടികൾക്കൊക്കെ സ്കൂളിന്ന് ലീവനുവദിച്ചില്ലെത്ര . റാഹിലാത്ത തറവാട് വീടിനോട് ചേർന്ന് വേറൊരു വീടെടുത്താണ് താമസം. അളിയൻ ഗൾഫിലാ. താമസം മാത്രേ അവിടെ ഉള്ളൂ. വെപ്പും കുടിയൊക്കെ തറവാട്ടിൽ തന്നെയാ….. [മക്കളായി രണ്ട് പെണ്ണും ഒരാണും .]……..റാസിഖും മർസൂഖും റുബൈദും ഇക്കാക്ക് ഇളയ അനിയൻമാർ. പിന്നെ ഒരു കുഞ്ഞി പെങ്ങൾ, റുഫൈദ .റാസിഖും ഗൾഫിലാണ്. ഗൾഫിൽ റനീഷാത്താടെ ചുറ്റുവട്ടത്ത് തന്നെയാ റാസിഖും. മർസൂഖ് ടൗണിലുള്ള ഒരു ഫുട് വെയറിൽ സെയിൽസ്മാൻ.റുഫൈദ അഞ്ചിലും റുബൈദ് എട്ടിലും പഠിക്കുന്നു. റാഷിക്കാടെ ഉപ്പ മർസൂഖ് കുഞ്ഞായിരുന്നപ്പോൾ നാട് വിട്ടതാണത്ര. പിന്നെ കുറച്ച് വർഷം വർഷം കഴിഞ്ഞ് തിരിച്ചു വന്നെങ്കിലും ഉമ്മാക്ക് റുബൈദിനെയും റുഫൈദാനെയും സമ്മാനിച്ച് വീണ്ടും പോയി.അതിനു ശേഷം പിന്നെ തിരിച്ചു വന്നില്ല.

14490cookie-checkന്തിനാ ന്റെ മോള്കരയണെ

Leave a Reply

Your email address will not be published. Required fields are marked *