പോലീസ്

Posted on

ഭഗവാനെ…പോലീസ്…

പോലീസ് ചെക്കിങ് കണ്ടു മനസൊന്നു ആളി..

ഒരു ബിയർ കഴിച്ചിട്ടുണ്ട്..വല്ലപ്പോഴും പാർട്ടിക്കെ കഴിക്കു…കഴിച്ചിട്ട് വണ്ടി എടുക്കാറില്ല…ഇതിപ്പോ പെട്ടല്ലോ ദൈവമേ…

ആ നിർത്തിക്കേ…

പോലീസുകാരൻ കൈ കാണിച്ചു…

ഞാൻ വണ്ടി ഒതുക്കി..

എങ്ങോട്ടാ…

അല്ല സർ…വീട്ടിലേക്കു…ഹെൽമറ്റ് ഉണ്ട് സർ…

ഞാൻ ചോദിച്ചില്ലലോ…

ഏമാൻ കലിപ്പിലാണ്…

ഒന്നൂതിക്കേ…

ഒരു മെഷീൻ എന്റെ നേരെ നീട്ടി…

അല്ല സർ…

പ്ഫാ…ഊതടാ…

പറഞ്ഞുതീരുന്നേനു മുമ്പ് ഞാൻ ഊതി…

മെഷീൻ തലതല്ലി കരഞ്ഞു…

വിജയ് മല്യ പണി തന്നല്ലോ…

ആഹാ…വാ…മക്കളാ വണ്ടി അവടെ വെച്ചു വന്നു ജീപ്പിൽ കേറു..നമ്മക്ക് ഹോസ്പിറ്റലിൽ പോയി ഒന്നു രക്തോക്കെ പരിശോധിച്ചിട്ടു പോവാം…

കഴിഞ്ഞയാഴ്ച പനി വന്നപ്പോൾ പരിശോധിച്ചാരുന്നു…അതിന്റെ റിസൾട്ട്‌ തന്നാൽ മതിയോ…

തമാശിച്ചതാണോ…നീ കേറുന്നോ അതോ ഞാൻ..

ഞാൻ ദേ കേറി…സാറേ അപ്പൊ വണ്ടി…

അതങ്ങ് സ്റ്റേഷനിൽ എത്തിക്കോളും…

സാറേ…അതിനകത്ത് സ്റ്റേഷനിൽ വരെ എത്താനുള്ള പെട്രോൾ ഇല്ല…പോണ വഴി പമ്പിൽ നിന്നും ഒരു 50 രൂപയ്ക്കു അടിച്ചോളാൻ പറയണേ..ഇല്ലേൽ തള്ളേണ്ടി വരും…പെറ്റി എഴുതുമ്പോൾ അതൂടെ കൂട്ടി എഴുതിക്കോ…

പോലീസുകാര് രണ്ടും തമ്മിൽ തമ്മിൽ നോക്കി…

മെഡിക്കൽ എടുത്തു…എന്നെ സ്റ്റേഷനിൽ എത്തിച്ചു…

നീ അവടെ നിന്നോ.. രാവിലെ ആരോടേലും ജാമ്യത്തിലിറക്കാൻ വരാൻ പറ…

അടിപൊളി…അപ്പൊ ഇന്നത്തെ താമസം സ്റ്റേഷനിൽ…

ഇന്നു വരില്ല… കൂട്ടുകാരന്റെ അടുത്താ എന്ന്‌ വീട്ടിൽ വിളിച്ചു പറഞ്ഞു…കൂട്ടുകാരനെ വിളിച്ചു രാവിലെ ജാമ്യത്തിന് വരാൻ ചട്ടം കെട്ടി…

നിന്നു കാലു കഴച്ചു…അടുത്തുള്ള ഒരു കസേര മെല്ലെ കൈകൊണ്ടു വലിച്ചടുപ്പിച്ചു…ഒച്ച കേട്ടു കോൺസ്റ്റബിൾ എന്നെ ഒരു നോട്ടം നോക്കി…കസേര അതിന്റെ യഥാസ്ഥാനത്ത് തിരിച്ചെത്തി…

സാറേ…

ഒരു പെൺശബ്ദം…

ഒന്നേ നോക്കിയുള്ളൂ…എന്റെ സകലവിധതളർച്ചയും പമ്പകടന്നു…

വനിതാപോലീസ് എന്ന്‌ കേൾക്കുമ്പോൾ മലയാളസിനിമയിലെ സ്ഥിരം തങ്കമ്മ പോലുള്ള പേരും ഒരു 40 കഴിഞ്ഞ പ്രായവും ആജാനബാഹുവും ഒക്കെയേ നമ്മളൊക്കെ പ്രതീക്ഷിക്കൂ…പക്ഷെ ഇത്…എന്റെ പൊന്നോ…ഒരു സുന്ദരിക്കുട്ടി….ഈ യൂണിഫോമിൽ ഇത്ര സുന്ദരിയാണേൽ ഇവളൊന്ന് ഒരുങ്ങിയുറങ്ങിയാൽ എന്താകും അവസ്ഥ…

അപ്പഴാ ഫ്രണ്ടിന്റെ കാൾ…രാത്രീല് തന്നെ വരണോ എന്ന്‌…വേണ്ട രാവിലെ പതുക്കെ വന്നാ മതീന്ന് പറയാൻ എനിക്ക് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല..

നെഞ്ചത്ത് കുത്തിയിരിക്കണ നെയിം ബോർഡിൽ പേര് നോക്കണം എന്നുണ്ട്…പക്ഷെ എന്റെ നോട്ടം കണ്ടു തെറ്റിദ്ധരിച്ചാൽ കിട്ടണ ഇടിയെകുറിച്ചു ഓർത്തപ്പോൾ ഒരു പേടി…അവസാനം രണ്ടും കല്പ്പിച്ചു നോക്കി…

മായ…

കൊള്ളാം…

അന്ന് രാത്രിൽ മുഴുവൻ അവളറിയാതെ അവളെ ഞാൻ നോക്കികൊണ്ടിരുന്നു…ഇടയ്ക്കു ഒന്നുരണ്ടു തവണ അവൾ അത് ശ്രദ്ധിച്ചെങ്കിലും കാര്യമായെടുത്തില്ല എന്ന്‌ തോന്നുന്നു..

വെളുപ്പാൻകാലത്തു ഒന്നു ഇരുന്നു മയങ്ങി…എണീറ്റപ്പഴേക്കും ഫ്രണ്ട് വന്നു ജാമ്യം എടുത്തു…അവളെ തിരഞ്ഞെങ്കിലും കണ്ടില്ല…ഡ്യൂട്ടി കഴിഞ്ഞു പോയിക്കാണും…ശ്ശേ…ഉറങ്ങണ്ടാരുന്നു…

ദിവസങ്ങൾ കടന്നു പോയി…

ഒരു ദിവസം ജംഗ്ഷനിൽ പോയി തിരിച്ചുള്ള വഴിക്ക് ദേ ചെക്കിങ്…

അകലെ നിന്നേ കണ്ടു ഞാൻ…മായയുമുണ്ട്..

ഈശ്വരാ…കള്ളുകുടിച്ചിട്ടില്ല…ഹെൽമെറ്റ്‌ ഉണ്ട്.. കൈ കാണിക്കാൻ വഴിയില്ല…എന്താ ചെയ്ക….ആവശ്യമുള്ളപ്പോ ലൈസൻസും എടുക്കാൻ മറക്കില്ല…

അവസാനം അറ്റ കൈ പ്രയോഗിച്ചു…അവിടെത്തുന്നതിനു മുമ്പ് ഹെൽമെറ്റ്‌ ഊരി കൈയ്യിലിട്ടു..

കൈ കാണിച്ച പോലീസുകാരൻ അത്ഭുദഭാവത്തിൽ എന്നെ നോക്കി…

ഞങ്ങളെ കാണുമ്പോൾ കയ്യിൽ കിടക്കണ ഹെൽമെറ്റ്‌ എടുത്തു തലേൽ വെക്കുന്നവരെ കണ്ടിട്ടുണ്ട്…തലേന്ന് ഊരി കൈയേലിടുന്നവരെ ആദ്യായിട്ട് കാണുവാ…

ഏമാനെ ഒന്നു ചിരിച്ചുകാണിച്ചിട്ടു എസ് ഐ യുടെ അടുത്തേക്ക് നടന്നു…

സാറേ.. ഹെൽമെറ്റ് ഇല്ല..

ചിരിച്ചോണ്ട് പറഞ്ഞപ്പോൾ എന്റെ നോട്ടം മായയുടെ മുഖത്തായിരുന്നു…

എന്തൂട്ട് ??

പുള്ളി തലയുയർത്തി എന്നെ നോക്കി…

അല്ല.. ഹെൽമെറ്റ്‌ ഇല്ലാന്നു…

അതിനു നിനക്കിത്ര സന്തോഷം എന്തിനാ ??

ഏയ്‌.. ഒന്നുല്ല…

ഏതായാലും മോൻ ഇത്ര സന്തോഷത്തോടെ വന്ന സ്ഥിതിക്ക് ഞങ്ങടെ ഒരു സന്തോഷത്തിനു…സാധാരണ 100രൂപയാണ്…നീ 500അടച്ചിട്ടു പോയാ മതി…

വാ പൊളിച്ചു ഞാൻ നിന്നപ്പോൾ മായ ചിരി കാണാതിരിക്കാൻ വാ പൊത്തി…

പിഴയടച്ചു വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോൾ ഞാൻ മനസ്സിൽ പറഞ്ഞു…

ആ ചിരിക്കു വേണ്ടി 500 അല്ല 5000 മുടക്കേണ്ടി വന്നാലും ഞാൻ സഹിക്കും സാറേ…

ഉത്സവ ഡ്യൂട്ടിക്ക് വന്ന പോലീസുകാർക്കു കട്ടൻചായയും ഫുഡും കൊടുക്കാൻ ഞാനായിരുന്നു മുൻപന്തിയിൽ.. കാരണം ആ കൂട്ടത്തിൽ മായ ഉണ്ടായിരുന്നു…

പലേടത്തും വെച്ചു പിന്നെയും ഞാനവളെ കണ്ടു…പയ്യെ അവളും ചിരിച്ചു തുടങ്ങി…

അങ്ങനൊരു ഞായറാഴ്ച…

അച്ഛനെന്നെ വിളിച്ചെണീപ്പിച്ചു…അളിയനും എത്തീട്ടുണ്ട്…

നീ കുളിച്ചു റെഡി ആയിക്കേ…ഒരിടം വരെ പോവാനുണ്ട്…

എങ്ങോട്ടാ…

അതൊക്കെ പറയാം നീ റെഡി ആകു..

റെഡി അയി ഞാനും അളിയനും അച്ഛനും കൂടെ പുറപ്പെട്ടു.. വഴിയിൽ എന്റെ കൂട്ടുകാരൻ സുധി കാത്തു നിൽക്കുന്നുണ്ടായിരുന്നു…അവനും കേറി…

അച്ഛാ…ഇതെങ്ങോട്ടാ…പറ..

നിനക്കൊരു പെണ്ണ് കാണാൻ…നേരത്തെ പറഞ്ഞാ നീ സമ്മതിക്കില്ല…നീ രാവിലെ എങ്ങോട്ടേലും മുങ്ങും…അതോണ്ടാ പറയാത്തെ..

പെട്ടു…എന്നാലും അളിയാ…നിങ്ങളും ഇതിനു കൂട്ടുനിന്നല്ലോ…

അളിയൻ ഒരു ചിരി ചിരിച്ചു…ആ ചിരിയിൽ ഒരാളെയും കൂടെ കൊണ്ടുപോയി കുഴീൽ ചാടിക്കുന്നതിന്റെ സന്തോഷമുണ്ടായിരുന്നു…

സുധിയെ ഞാൻ ദഹിപ്പിക്കണ ഒരു നോട്ടം നോക്കി…അവനത് മൈൻഡ് പോലും ചെയ്തില്ല…

കെട്ടാൻ ഇഷ്ടല്ലാഞ്ഞിട്ടല്ല…പക്ഷെ മനസ്സ് നിറയെ മായ ആയിരുന്നു…ഇഷ്ടം തുറന്നു പോലും പറഞ്ഞിട്ടില്ല… പക്ഷെ…

വണ്ടി ഒരു പഴയ തറവാടിന്റെ മുറ്റത്തു നിന്നു..

ഇനിയിപ്പോ എന്ത് ചെയ്യാൻ…കണ്ടിട്ട് പോകാം…ഇഷ്ടായില്ലന്നു പറയാം…

വീട്ടുകാർ സ്വീകരിച്ചിരുത്തി…സംസാരം തുടങ്ങിപ്പോ ഫോൺ വിളിക്കണ പോലുള്ള രീതിയിൽ ഞാൻ പുറത്തേക്കിറങ്ങി…അവരെന്തെലും സംസാരിക്കട്ടെ..ചുമ്മാ ബോർ പരിപാടി… പെണ്ണിനെ വിളിക്കണ സമയം ആയിപ്പോൾ അവരെന്നെ അകത്തേക്ക് വിളിച്ചു…

സാരി ഉടുത്ത ഒരു കുട്ടി പലഹാരവുമായി വന്നു…കൊള്ളാം…പക്ഷെ പ്രായം കുറച്ചു കുറവാണോ എന്നൊരു സംശയം…

ഇത് പെണ്ണിന്റെ അനിയത്തിയാണ്…ദേ ഈ വരുന്നതാണ് ആളു…

ഞാൻ ഒന്നേ നോക്കിയുള്ളൂ….ആ ഇരിപ്പു ഇരുന്നു പോയി…

മായ…

യൂണിഫോമിൽ അല്ലാതെ ആദ്യമായാണ് കാണുന്നത്….

പ്രതീക്ഷിച്ചതിലും സുന്ദരി….

അപ്പൊ ഇതിനൊരു തീരുമാനം ആയി…

ചായ തന്നപ്പോൾ ഒരു വളിച്ച ചിരിയോടെ അവളെ നോക്കി..

അവളുടെ മുഖത്ത് യാതൊരു ഭാവോമില്ല…

ചെറുക്കൻ ഞാനാവുന്നു അറിഞ്ഞു കാണില്ല..അറിഞ്ഞാൽ അവൾ ചിലപ്പോൾ ഈ പെണ്ണുകാണലിനു പോലും സമ്മതിക്കില്ലായിരുന്നു…

ചെറുക്കനും പെണ്ണിനും തമ്മിൽ എന്തേലും സംസാരിക്കാനുണ്ടാവുമല്ലോ…

പെണ്ണിന്റെ അച്ഛൻ ചോദിച്ചു…

ഏയ്‌…അങ്ങനൊന്നുമില്ല…

ഞാൻ പറഞ്ഞു…

എനിക്ക് സംസാരിക്കാനുണ്ട്…

മായയുടേതായിരുന്നു ശബ്ദം….

ഞങ്ങൾ അകത്തൊരു മുറിയിലേക്ക് പോയി…

സോറി മാഡം…

മാഡമോ…

അല്ല…സോറി മായ….താൻ ആണ് പെണ്ണെന്നു എനിക്കറിയില്ലായിരുന്നു.. അറിഞ്ഞിരുന്നേൽ ഞാൻ വരില്ലായിരുന്നു…

അതെന്തേ എന്നെ ഇഷ്ടപ്പെട്ടില്ലേ…

അയ്യോ….അതല്ല…

എന്റെ മാഷേ…ഫോട്ടോ കണ്ടപ്പഴേ എനിക്ക് ആളെ മനസ്സിലായിരുന്നു…അന്യോഷിച്ചപ്പോൾ ഇയാളെക്കുറിച്ചു ആർക്കും ഒരു ചീത്ത അഭിപ്രായവുമില്ല….നല്ല തറവാട്…ഇയാൾക്ക് അത്യാവശ്യം കുഴപ്പമില്ലാത്ത ഒരു ജോലി…ജാതകവും ചേരും…അതുകൊണ്ട് ഞാൻ സമ്മതം മൂളി…

വാ പൊളിച്ചു നിക്കണ എന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു…

പിന്നെ കണ്ടു കണ്ടൊരു ചെറിയ ഇഷ്ടം മാഷിനോട് എനിക്ക് തോന്നിയിരുന്നെനും കൂട്ടിക്കോ..

കുറച്ചു നേരത്തേക്ക് ഞാൻ നിലത്തുനിന്നും ഒരു 4 അടി പൊങ്ങി നിൽക്കണപോലെയും എന്റെ തലയ്ക്കു പുറകിൽ വൃത്താകൃതിയിൽ ഒരു ദിവ്യപ്രഭ ഉള്ളതുപോലെയും എനിക്ക് തോന്നി..

ഹലോ..എന്താ മിണ്ടാത്തെ…

മായയുടെ ശബ്ദം കേട്ടപ്പോൾ ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തു..

എന്തെ..എന്നെ ഇഷ്ടയില്ലേ…

ഇഷ്ടായെന്നോ…എനിക്ക് ഡബിൾ ഓക്കേ…

അത് കേട്ടപ്പോൾ അവൾ ഒരു ചിരി ചിരിച്ചു..ഒരിക്കൽ ഈ ചിരി കാണാൻ എനിക്ക് 500 രൂപ മുടക്കേണ്ടി വന്നു..

തിരിഞ്ഞു ഞാൻ നടന്നപ്പോൾ അവൾ പുറകിൽ നിന്നു പറഞ്ഞു..

അതേ..ഇനി കുരുത്തക്കേടുകളൊക്കെ മാറ്റിവെച്ചു നല്ല കുട്ടിയായി നടന്നോണം..വെറുതെ എന്റെ കൈക്കു പണിയുണ്ടാക്കരുത്…

തിരിഞ്ഞു നിന്നൊരു സല്യൂട്ട് കൊടുത്തു കൊണ്ട് ഞാൻ പറഞ്ഞു..

ശെരി മാഡം…

അപ്പോൾ അവൾ ചിരിച്ച ചിരിക്കും അവളുടെ കൊലുസിന്റെ കൊഞ്ചലിനും ഒരേ താളമായിരുന്നു…

10580cookie-checkപോലീസ്

Leave a Reply

Your email address will not be published. Required fields are marked *