അജ്ഞാതന്‍റെ കത്ത്

Posted on

കുറേ ദിവസങ്ങൾക്കു ശേഷം കൈലാസത്തിന്റെ ഗേറ്റു തുറന്നപ്പോഴെ കണ്ടു ലെറ്റർ ബോക്സിൽ നിറഞ്ഞു കിടക്കുന്ന എഴുത്തും മാഗസിനുകളും. ബോക്ക്സിൽ നിന്നും മാഗസിനുകളും കത്തുകളും എടുത്ത് ഞാൻ നടന്നു ഒരാഴ്ചയായി വീട്ടിലാളില്ലാത്തതിന്റെ അടയാളമെന്നോണം മുറ്റത്ത് വീണു കിടക്കുന്ന പാരിജാതത്തിന്റെ ഇലകൾ പരാതി പറയുന്നുണ്ടായിരുന്നു. സിറ്റൗട്ടിലെ തറയിൽ ഒരു പല്ലി ചത്തതിനെ വലിച്ചുകൊണ്ടു പോവുന്ന ഉറുമ്പുകൾ…..
ബാഗിൽ നിന്നും കീയെടുത്ത് വാതിൽ തുറന്നു. ബേഗും ലെറ്ററുകളും സെറ്റിയിലേക്കെറിഞ്ഞ് ട്രാവൽ ബാഗ് ചുമരോട് ചാരി ഞാൻ നിർത്തി. മുടി വാരി ക്ലിപ്പ് ചെയ്ത ശേഷം ഫ്രിഡ്ജിൽ നിന്നും വെള്ളമെടുത്ത് വായിലേക്ക് കമിഴ്ത്തി.
ഉച്ചവെയിലിൽ ചുട്ടുപൊള്ളുന്ന ദേഹം തണുപ്പിക്കണം. അതിനൊരു കുളി നിർബന്ധമാണ്.
ഞാൻ സമയം നോക്കി 2.37pm.
ഒന്നുറങ്ങാനുള്ള ടൈം ഉണ്ട്. രാത്രി ഏഴ് മണിക്ക് സാമുവൽസാറിന്റെ പാർട്ടിയുണ്ട്. അതിനു മുന്നെ സഹായത്തിനു വരുന്ന സുനിതയെ വിളിക്കണം.
ഒറ്റയ്ക്കുള്ള ഈ ജീവിതത്തിൽ വീട്ടിൽ എനിക്കൊപ്പം സഹായത്തിനു വരാറുള്ളതാണവൾ 35കാരിയായ സുനിത.

കഴിഞ്ഞ 10 ദിവസമായി ഒരു ട്രിപ്പിലായിരുന്നു ഞാൻ. ജോലിയുടെ ഭാഗമല്ലാത്ത ഒരു ട്രിപ്പ് .ധനുഷ്ക്കോടി പൊക്കാറ വഴി ഒരു ഏകാന്ത യാത്ര. യാത്രയിലുടനീളം ഫോൺ സ്വിച്ചോഫ് ചെയ്തു വെച്ചത് കൊണ്ട് യാത്ര നന്നായി ആസ്വദിക്കാൻ പറ്റി.

അമ്മയും അച്ഛനും മരണപ്പെട്ടതിന്റെ മൂന്നാം വാർഷികത്തിൽ അവരുടെ ആത്മാവിനെ തേടി ഞാൻ യാത്ര തിരിച്ചതായിരുന്നു. അതിനാലാണ് അഞ്ച് വർഷമായി കൂടെയുണ്ടായിരുന്ന സുനിതയെ അവരുടെ ബന്ധുവീട്ടിലേക്ക് പറഞ്ഞു വിട്ടത്.
പത്തു ദിവസത്തെ അലച്ചിലിന്റെ ക്ഷീണം മാറാൻ ഒരു രാവും പകലും നന്നായി ഉറങ്ങണം. എന്നെപ്പോലൊരാൾക്ക് ഉറങ്ങാൻ രണ്ട് മണിക്കൂർ തന്നെ കിട്ടുന്നത് ഭാഗ്യം.
കുളിച്ചിറങ്ങുമ്പോഴേക്കും സുനിത വന്നിരുന്നു. കുറച്ചു നേരം മയങ്ങാമെന്നോർത്താണ് കിടന്നത്.സുനിത അവളുടെ തിരക്കുകളിലേക്ക് ഊളിയിട്ടു കഴിഞ്ഞിരുന്നു.
വളരെ പെട്ടന്നു തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു. എത്ര നേരം ഉറങ്ങിയെന്നോർമ്മയില്ല ഫോണിന്റെ കരച്ചിൽ കേട്ടാണുണർന്നത്.

അരവിന്ദ് കാളിംഗ്
സഹപ്രവർത്തകൻ എന്നതിനേക്കാൾ എൽകെജി മുതൽ ഒരുമിച്ചുള്ള ഉറ്റ ചങ്ങാതി.
ചുണ്ടിൽ ഒരു പുഞ്ചിരിയോടെ ഞാൻ കോൾ അറ്റന്റ് ചെയ്തു.
ഹലോ പറയാനുള്ള സമയം തരാതെ അവൻ

” എവിടെയാണ് വേദപരമേശ്വർ, തീർത്ഥയാത്ര കഴിഞ്ഞ് വന്നുവോ?”

പാതി കളിയായും കാര്യമായും പറയാനുള്ള അവന്റെ കഴിവ് അപാരമാണ്

“യെസ് ഡാ.ഉച്ചകഴിഞ്ഞെത്തി.”

” എത്തിയത് ഞാനറിഞ്ഞു. സുനിതയെ കണ്ടു മുറ്റത്ത്. വിളിച്ചത് അതല്ല .വൈകീട്ട് സാമുവേൽ സാറിന്റെ പാർട്ടിക്ക് നീയുണ്ടാവില്ലെ?”

“ഒഫ്കോഴ്സ് ഡാ. ഞാനെത്തിക്കോളാം”

ഫോൺ കട്ടായി ഞാൻ ഫോണിൽ സമയം നോക്കി 5.36 കഴിഞ്ഞു.ഇനിയൊരു വട്ടം കൂടി ഉറങ്ങാൻ സമയമില്ല. ഫോൺ ബെഡിലിട്ടെണീറ്റു.

“സുനിതേച്ചീ ചായയിട്ടാർന്നോ? “

അടുക്കളയിൽ നിന്നും സുനിത എന്തോ വിളിച്ചു പറഞ്ഞു. അതെന്താണെന്ന് വ്യക്തമായില്ല.ഞാൻ മുറ്റത്തേക്കിറങ്ങി .
മുറ്റത്തെ ചപ്പുചവറുകളെല്ലാം സുനിത വൃത്തിയാക്കിയിരുന്നു. പാരിജാതത്തിന്റെ കിഴക്കു മാറി രണ്ട് അസ്ഥി തറകളുണ്ട്, അച്ഛനുമമ്മയും.

” അപ്പൂ ചായ “

തൊട്ടു പിന്നിൽ ഒരു കപ്പിൽ ചായയുമായി സുനിത.
അവരങ്ങനെയാ വിളിക്കാ എന്നെ .
ആദ്യായിട്ടങ്ങനെ എന്നെ വിളിച്ചത് അച്ഛനായിരുന്നു. പിന്നീട് അമ്മയും ഒടുവിൽ സുനിതയും.

“സെറ്റിയിലുള്ള ലെറ്റേർസ് ഒന്നെടുത്തു തന്നേ സുനിതേച്ചീ.”

ചായ മൊത്തിക്കുടിക്കുന്നതിനിടയിൽ ഞാൻ സുനിതയോട് പറഞ്ഞു.
സുനിത അകത്തേക്ക് പോയി.

“ഇതെല്ലാം വേണോ അപ്പൂ….. ?”

അവരുടെ ചോദ്യം

” കത്തുകൾ മാത്രം മതി ചേച്ചി “

സുനിത എനിക്ക് നാല് കത്തുകൾ എടുത്തു തന്നു.
ആദ്യത്തേത് LIC യുടെയുടേത് ആയിരുന്നു. രണ്ടാമത്തേത് ബാങ്കിൽ നിന്നുള്ളത് അത് രണ്ടും പൊട്ടിക്കാതെ തന്നെ മാറ്റി വെച്ചു.
മൂന്നാമത്തെത് പ്രശസ്ത കവയിത്രി സുലോചന നെടുപ്പറമ്പന്റെയാണ്. പതിവു കുശലങ്ങൾക്ക് ശേഷം പുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിനുള്ള ക്ഷണവും. കഥകള്‍.കോം കാലത്തിനൊത്ത് മാറാത്തവർ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഇപ്പോഴും ആശയ വിനിമയത്തിന് കത്തെഴുതുന്ന അപൂർവ്വങ്ങളിൽ ഒരാൾ.
69 ന്റെ നിറവിൽ നിന്നും 70ലേക്ക് കടക്കുന്ന പ്രകൃതി സ്നേഹിയായ അക്ഷരസ്നേഹി.
ചുണ്ടിലൂറിയ ചിരിയോടെ കത്ത് ഞാൻ മടക്കി.

നാലാമത്തെ കത്ത് എന്നെ തെല്ലമ്പരപ്പിച്ചു.അതിൽ ഫ്രം അഡ്രസ് ഇല്ലായിരുന്നു. വടിവൊത്ത ആ അക്ഷരങ്ങളിൽ എന്റെ പേര് കൂടുതൽ മനോഹരമായി തോന്നി.

വേദപരമേശ്വർ
കൈലാസം
ഓലി മുഗൾ
കാക്കനാട്
കൊച്ചി

ഞാൻ കത്തു തുറന്നു വായന തുടങ്ങി.

പ്രിയ വേദമേഡത്തിന്,
എനിക്ക് നിങ്ങളെ അറിയാം നിങ്ങൾക്കെന്നെ അറിയില്ല. ഞാൻ ഏത് നിമിഷവും കൊല ചെയ്യപ്പെടാം. ഞാനിതെഴുതുന്ന നിമിഷവും എനിക്കു പിന്നിൽ മരണത്തിന്റെ ഗന്ധമുണ്ട്. ഞാൻ ഉറങ്ങിയിട്ട് ദിവസങ്ങളായി. കണ്ണടച്ചാൽ കുഞ്ഞിമാളുവിന്റെ കരച്ചിലാണ് മുഴങ്ങുന്നത്.മൂക്കിൽ രക്തത്തിന്റെ ഛർദ്ദിൽ മണമാണ്………
………
അക്ഷരങ്ങളിലൂടെ കണ്ണുകൾ ഇഴഞ്ഞു നീങ്ങുമ്പോൾ ഞാൻ ഒന്നറിഞ്ഞു.എനിക്കു ശ്വാസഗതി കൂടിയിട്ടുണ്ട്.കത്തെഴുതിയ അജ്ഞാതനെ പോലെ ഞാൻ ഞാനും എന്തിനേയോ ഭയക്കുന്നു.
നെഞ്ചിടിപ്പു കൂടി, തൊണ്ടയിലെ വെള്ളം വറ്റിത്തുടങ്ങി. നെറ്റിയിൽ വലിയ വിയർപ്പു മണികൾ പ്രത്യക്ഷപ്പെട്ടു.

എനിക്കറിയാത്ത എന്നെയറിയുന്നവർ ഒത്തിരി പേരുണ്ടാവും. ചാനൽ ചർച്ചകളിൽ പലതും സ്വയം അന്വേഷിച്ച് കണ്ടെത്തിയവയായതിനാൽ ശത്രുക്കളും ഉണ്ടാവും. ചാനൽ റേറ്റിംഗ് പോലും എന്റെ പ്രോഗ്രാമിനെ കേന്ദ്രീകരിച്ചാണെന്ന് എന്റെ ക്യാമറാമേൻ ജോണ്ടി ഇടയ്ക്കിടെ പറയുന്നതോർത്തു.
മുന്നേത്തെ ആഴ്ചകളിൽ നടത്തിയ ‘അഴിച്ചുപണി’ ലൈവ് പ്രോഗ്രാമിലെ പ്രതിസ്ഥാനത്തേയും വാദിസ്ഥാനത്തേയും മുഖങ്ങൾ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. അവരിൽ ആരെങ്കിലുമാവുമോ?

ഞാൻ വീണ്ടും അക്ഷരങ്ങളിലേക്ക് നോക്കി.

………..എനിക്കു പിന്നിലെ വ്യക്തി ഏത് നിമിഷവും നിങ്ങളിലേക്കെത്തും.സൂക്ഷിക്കണം. മരണം ഫോൺ കോളിന്റെ രൂപത്തിൽ പോലും നിങ്ങളിലേക്കെത്തും.സൂക്ഷിക്കുക.
സ്നേഹപൂർവ്വം Pr.

കത്ത് മടക്കാനിരിക്കെ അമ്മയുടെയും അച്ഛന്റേയും മരണശേഷം ശബ്ദിക്കാതിരുന്ന ലാന്റ് ഫോൺ വലിയ ശബ്ദത്തിൽ റിംഗ് ചെയ്തു.
ഞാൻ ഞെട്ടി എഴുന്നേറ്റു. സുനിത ലാന്റ് ഫോൺ ലക്ഷ്യം വെച്ച് നടക്കുന്നുണ്ടായിരുന്നു. മരണമണി പോലെ അത് നിർത്താതെ അടിച്ചു കൊണ്ടേ ഇരുന്നു.
അരുതേ എന്നു പറയാൻ തുടങ്ങും മുൻപേ സുനിത ഫോണെടുത്തിരുന്നു.
“ഹലോ…..”
………….

“ഹലോ……. ”
…………..
“അതെ… ”
………
” ഉണ്ട് കൊടുക്കാം “

തുടർന്നവൾ മൗത്ത് പീസ് പൊത്തിയിട്ട് പറഞ്ഞു.

” അപ്പൂ ജോണ്ടിയാ”

ശ്വാസഗതി ഇപ്പോഴാണ് നേരെ ആയത്.
ജോണ്ടിയെന്താ ലാന്റ് ഫോണിൽ വിളിച്ചേന്നു ചിന്തിക്കേം ചെയ്തു.

” ഹലോ ജോണ്ടി….”

” ചേച്ചീ ഞാനെത്ര നേരമായി ട്രൈ ചെയ്യുന്നു ഫോൺ സ്വിച്ചോഫാണല്ലോ.”

“ഓഹ് ഞാനത് ശ്രദ്ധിച്ചില്ല. നീ കാര്യം പറ.”

“ചേച്ചീ നമ്മുടെ കുര്യച്ചൻ പെരുമ്പാവൂർ പോളിടെക്നിക്കിന് പിന്നിലുള്ള വീട്ടിലുണ്ട്…… ചേച്ചി വേഗം വരാമോ?”

“ഏത് കുര്യച്ചൻ? ശെൽവി കൊലക്കേസിലെ…..?”

“അതെ ചേച്ചി എത്രയും പെട്ടന്ന് വാ ഞാൻ സ്റ്റുഡിയോയിൽ ഉണ്ട്. “

“ഞാനിപ്പോൾ തന്നെ വരാം.നീ അരവിയെ വിളിച്ച് പറ.”

” അരവി സാർ വേറെ വർക്കിൽ ബിസിയാണ്.”

“ഒകെ ഡാ 10 മിനിട്ട് .നീയൊരു കാര്യം ചെയ്യ് ഇത് വഴി വാ..”

ഫോൺ വെച്ച് കഴിഞ്ഞ് ഓഫായിക്കിടക്കുന്ന മൊബൈൽ ചാർജ്ജിലിട്ടു ഞാൻ വളരെ പെട്ടന്നു തന്നെ റെഡിയായി .

പതിനഞ്ചു മിനിട്ട് വ്യത്യാസത്തിൽ ഗേറ്റിൽ ജോണ്ടി ഹാജർ.

” സുനിതേച്ചീ ഒരർജ്ജന്റ് വർക്കുണ്ട് ലേറ്റാവും.ഗേറ്റടച്ചേക്കു”

എന്നും പറഞ്ഞ് ചാടി അവന്റെ പിന്നിൽ കയറുമ്പോൾ പിന്നിൽ നിന്നും സുനിതേച്ചി എന്തോ വിളിച്ചു പറയുന്നുണ്ടായിരുന്നു.അത് റെസ്റ്റില്ലാത്ത ജോലിയെ ചീത്ത വിളിച്ചതാവാമെന്ന ബോധുമുള്ളതിനാൽ ശ്രദ്ധിച്ചില്ല.

“എടാ നീയിതെങ്ങനെ അറിഞ്ഞു. “

യാത്രയിൽ ഞാൻ ചോദിച്ചു.

“എന്റെയൊരു സുഹൃത്ത് നിതിൻ താമസിക്കുന്നത് അതിനടുത്താണ്. അവനാണ് സംശയം പറഞ്ഞത് ഞാനപ്പോൾ തന്നെ ലൊക്കേഷൻ സ്കെച്ച് ചെയ്തു. ഒറ്റയ്ക്ക് പോയാൽ ശരിയാവില്ലെന്നറിയാവുന്നതിനാൽ അരവി സാറിനെ വിളിച്ചപ്പോൾ സാർ പറഞ്ഞു ചേച്ചി സ്ഥലത്തെത്തിയിട്ടുണ്ടെന്ന്.അങ്ങനെ ചേച്ചിയെ വിളിച്ചു. “

ജോണ്ടിയുടെ ഫോൺ റിംഗ് ചെയ്തു തുടങ്ങി. അവൻ വണ്ടി സൈഡാക്കി.

” ചേച്ചി നിതിനാ. “

“ഉം നീ ഇറങ്ങ് ഞാൻ ഡ്രൈവ് ചെയ്യാം “

അവനെ പിന്നിലാക്കി ഞാൻ ഡ്രൈവിംഗ് ഏറ്റെടുത്തു.
അവൻ സംസാരിക്കുന്നത് പലതും എനിക്ക് മനസിലാവുന്നുണ്ടായിരുന്നില്ല. വാക്കുകൾ പലതും കാറ്റു കൊണ്ടു പോയിരുന്നു.

” ചേച്ചീ വണ്ടി ഒതുക്കിയെ.”

“എന്താടാ “

വണ്ടി സൈഡാക്കി ഞാൻ ചോദിച്ചു.

” ഇത് നമുക്കൊറ്റയ്ക്ക് മാനേജ് ചെയ്യാൻ പറ്റില്ല ചേച്ചി. കുറച്ചു മുന്നേ അവിടെ പോലീസ് യൂണിഫോമിൽ ഒരാളെ കണ്ടെന്ന് “

“ജോണ്ടി നീ അരവിന്ദിനെ വിളിക്ക്.
ഒരുപായം അവൻ പറയും.”

കുറേ നേരത്തെ റിംഗിനു ശേഷമാണ് അരവിന്ദ് ഫോണെടുത്തത്.
കാര്യങ്ങളുടെ ഗൗരവം ചുരുക്കി വിവരിച്ചപ്പോൾ അവനുടനെ എത്താമെന്നു പറഞ്ഞു.

“എന്തു പറഞ്ഞു അരവി സാർ? “

“വേഗത്തിൽ എത്താമെന്ന്. അവരെത്തും മുന്നേ നമുക്കവിടെയെത്തണം. നീ റൂട്ട് കറക്റ്റ് പറ”

” ചേച്ചീ ഇവിടുന്ന് ലെഫ്റ്റ് കോടനാട് റൂട്ട് “

” ഇത് മലയാറ്റൂർ റൂട്ടല്ലേ.?”

“രണ്ടും ഒരേ വഴിയാ. ഒരു നാലു കിലോമീറ്റർ കാണും ഇവിടുന്നു,
പോളിടെക്നിക് കഴിഞ്ഞ് മൂന്ന് കിലോമീറ്റർ ഉള്ളിലേക്കാ.ഞവിടെ ബംഗാളികൾ താമസിക്കുന്നിടം കഴിഞ്ഞ് നാലാമത്തെ ഒറ്റപ്പെട്ട വീട്.”

പിന്നെ അവിടെത്തുംവരെ സംസാരമൊന്നുമുണ്ടായില്ല. പക്ഷേ റോഡ് വിജനമായിരുന്നു.അടുത്ത ദിവസങ്ങളിലെങ്ങോ ടാർ ചെയ്തതിന്റെ അവശിഷ്ടങ്ങൾ മാത്രം പല ഭാഗത്തും കണ്ടു.
വലിയ ഒരു ഇരുനില മാളികയായിരുന്നു ജോണ്ടി പറഞ്ഞത്. അതിനടുത്തെത്തും മുന്നേ വെളുത്തു മെലിഞ്ഞ നിതിൻ എന്ന ജോണ്ടിയുടെ കൂട്ടുകാരനെ കണ്ടു. എന്നെ നോക്കി പുഞ്ചിരിച്ച ശേഷം അവൻ ജോണ്ടിയോട് പറഞ്ഞു.

“ജോണ്ടി വണ്ടി റോഡിലിടണ്ട. ഇടവഴി കഴിഞ്ഞാൽ ആ വീടിന്റെ പിൻഭാഗത്തെത്താൻ കഴിയും .”

അവൻ പറഞ്ഞ ഇടവഴിയിലേക്ക് വണ്ടി പാർക്ക് ചെയ്തതിനു ശേഷം അവന്റെ പിന്നാലെ ചെന്നു.
ഇടവഴി എന്നു പറയാമെങ്കിലും ആരും നടക്കാനുപയോഗിത്തതിനാൽ കാട്ടുവള്ളികൾ നിറഞ്ഞിരുന്ന അവിടെ ഒരു ഫോർവീലർ കയറ്റിയിടാനുള്ള സ്ഥലമുണ്ടായിരുന്നു.
രണ്ട് മിനിട്ടു നേരത്തെ നടത്തത്തിനു ശേഷം വീടിന്റെ പിൻവശത്തെത്തി.
വീട്ടിനു പിന്നിൽ നിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്ന കൊമ്പിന്റെ സഹായത്താൽ അതിസാഹസികമായി മതിലിനകത്തേയ്ക്ക് ചാടി.
പിന്നാലെ ജോണ്ടിയും .നിതിൻ മതിലിനു പുറത്ത് നിന്നതേ ഉള്ളൂ.
പോക്കറ്റിൽ കിടന്ന ഫോൺ വൈബ്രേറ്റ് ചെയ്തു.അരവിന്ദായിരുന്നു.
ഫോണെടുത്ത് പതിയെ ഞാൻ സംസാരിച്ചു.

“ഞങ്ങൾ വീടിന്റെ പിന്നിലെ മതിൽ വഴി കോമ്പൗണ്ടിനകത്ത് കയറി. നീ എത്തിയോ?”

പുറത്തേയ്ക്കുള്ള വാതിൽ തുറക്കുന്ന ശബ്ദം കേട്ടു ഫോൺ മാറ്റിപ്പിടിച്ചു ചുവരിനു മറപറ്റി പതുങ്ങി. ജോണ്ടിയോട് മിണ്ടരുതെന്ന് ആഗ്യം കാണിച്ചു.
ജോണ്ടി അപ്പോഴേക്കും ക്യാമറ ഓൺ ചെയ്ത് റെഡിയായിരുന്നു. പിന്നിലെ ഡോർ തുറന്ന് കുര്യച്ചൻ പുറത്തിറങ്ങി വീടിന്റെ പുറത്തായി വെച്ച ഡ്രംമ്മിൽ എത്തി നോക്കി അകത്തേയ്ക്ക് പോയി.
ഡ്രമ്മിനു താഴെ ഗ്യാസടുപ്പെരിയുന്നുണ്ടായിരുന്നു. ആ ഡ്രമ്മിനകത്തെന്തായിരിക്കും? പിന്നിലെ വാതിൽ അടയുന്ന ശബ്ദം കേട്ടു .
മാർജ്ജാര പാദങ്ങളോടെ ഡ്രമ്മിനടുത്തെത്തി..
മനുഷ്യ മനസാക്ഷി തകരുന്ന കാഴ്ചയാണ് കണ്ടത്.തിളച്ചുപൊങ്ങുന്ന ടാറിനകത്ത് ഒരു കൈ ഉയർന്നു നിൽക്കുന്നു. നീട്ടി വളർത്തിയ നഖം കണ്ടപ്പഴേ മനസിലായി അതൊരു സ്ത്രീയുടെ വിരലുകളാണെന്നു വിരലിലെ മോതിരത്തിലെ പേരു ഞാൻ വായിച്ചു ‘Sajeev’

“ജോണ്ടി ഫുൾ കവർ ചെയ് “

ഞാൻ പറഞ്ഞു തീരും മുന്നേ വീടിനകത്ത് നിന്നും വെടി പൊട്ടുന്ന ശബ്ദവും ഒരു പുരുഷന്റെ ദയനീയമായ കരച്ചിലും ഉയർന്നു.

തുടരും

9960cookie-checkഅജ്ഞാതന്‍റെ കത്ത്

Leave a Reply

Your email address will not be published. Required fields are marked *